രാജ്യദ്രോഹികൾ അകത്താകണം

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണ്ണം ഇന്ത്യയിൽ വിധ്വംസക പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത് തന്നെയാണ്.

ഇന്ത്യയിൽ സമാന്തര സമ്പദ്്വ്യവസ്ഥ തന്നെ സൃഷ്ടിക്കുന്ന തരത്തിൽ വിമാനത്താവളങ്ങൾ വഴി  കിലോക്കണക്കിന് സ്വർണ്ണമാണ് ഈ കോവിഡ് കാലത്തും കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഗൾഫ് സംഘടന ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാർ വഴിയും സ്വർണ്ണം കടത്തിയതും കേരളം കണ്ടു.

നയതന്ത്ര ബാഗേജ് വഴിയും സ്വർണ്ണം കടത്താൻ ധൈര്യപ്പെടുന്ന വിധത്തിൽ  സ്വർണ്ണക്കടത്ത് മാഫിയ ശക്തിപ്പെട്ടതിന് പിന്നിൽ കസ്റ്റംസിന്റെ നിഷ്ക്രിയത്വവും ചർച്ചാ വിഷയമാകേണ്ടതാണ്. കള്ളക്കടത്ത് കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ദേശീയ അന്വേഷണ ഏജൻസിയെപ്പോലും ഭീഷണിപ്പെടുത്തുന്ന വിധത്തിൽ അന്താരാഷ്ട്ര കള്ളക്കടത്ത്  സംഘം വളർന്നെന്ന് വേണം കരുതാൻ.

ഇന്ത്യയിലേക്കുള്ള സ്വർണ്ണ കള്ളക്കടത്തിന്റെ ഭൂരിഭാഗവും കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണ് നടക്കുന്നത്. സ്വർണ്ണം കടത്തുന്ന ഇടനിലക്കാർ കസ്റ്റംസിന്റെ പിടിയിലാകുമ്പോഴും, രക്ഷപ്പെടുന്നത് സ്വർണ്ണക്കളളക്കടത്ത് മാഫിയയിലെ വൻസ്രാവുകളാണ്. കള്ളക്കടത്ത് വഴിയുള്ള സ്വർണ്ണം കൊണ്ട് ഏക്കർ കണക്കിന് ഭൂമിയും, കോടികളുടെ രമ്യഹർമ്മങ്ങളും പണിതീർത്തവർ ജില്ലയിൽത്തന്നെയുണ്ട്.

സ്വർണ്ണക്കടത്ത് പിടികൂടിയാൽ നിയമപ്രകാരമുള്ള നികുതിയും, പിഴയും നൽകി തടിയൂരാൻ പറ്റുന്ന വിധത്തിലാണ് രാജ്യത്തെ നിയമം. ഇതിനാൽത്തന്നെ പിടികൂടപ്പെട്ട പലരും ഈ ആനുകൂല്യത്തിൽ രക്ഷപ്പെടാറുമുണ്ട്.

അതിനാൽ സ്വർണ്ണക്കള്ളക്കടത്തിൽ നിയമങ്ങളുടെ പൊളിച്ചെഴുത്ത് തന്നെ അനിവാര്യമാണ്. ഇന്ത്യയിൽ നിലവിലുള്ള ക്രിമിനൽ നിയമങ്ങളിൽ പലതും ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ടവയുമാണ്.

നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയ വിഷയത്തിൽ എൻഐഏ സമഗ്രമായ അന്വേഷണം തന്നെ നടത്തുമെന്ന് കരുതാം. കേസിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് കൂടി അന്വേഷണ രംഗത്തുള്ളതിനാൽ സർവ്വതല സ്പർശിയായ അന്വേഷണം തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം.

സ്വർണ്ണക്കടത്തിനെ നിസ്സാര രാഷ്ട്രീയ ലക്ഷ്യത്തിന്റെ പേരിൽ ആയുധമാക്കി സമരങ്ങൾ നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടില്ലെന്ന് വേണം മനസ്സിലാക്കാൻ ഒരു ഭരണം മാറിയാൽ മാത്രം തീരുന്നത്ര നിസ്സാര വിഷയങ്ങളല്ല. അന്താരാഷ്ടര സ്വർണ്ണക്കടത്തിന് പിന്നിലെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും മനസ്സിലാകേണ്ടതാണ്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി, തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളമേകുന്ന വിധത്തിൽ ആര് പ്രവർത്തിച്ചാലും, അവർ തുറങ്കിലടയ്ക്കപ്പെടുകതന്നെ വേണം. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം അതിന് പര്യാപ്തമാകട്ടെ.

LatestDaily

Read Previous

മൊബൈല്‍ ടീമുകളിലൂടെ ആഴ്ചയില്‍ ആയിരത്തോളം സ്രവ പരിശോധന

Read Next

ജി. രതികുമാർ ഉദുമയിൽ മത്സരിക്കും