നോ-കോവിഡ് സർട്ടിഫിക്കറ്റിന് ഈടാക്കുന്നത് വൻതുക

സർക്കാർ ആശുപത്രികളിൽ ആവശ്യമായ സംവിധാനമില്ല

കാഞ്ഞങ്ങാട്: കോവിഡ് ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പെ നാട്ടിലെത്തുകയും ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ച് പോവാൻ അവിടങ്ങളിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തതോടെ,  യുഏഇയിലേക്ക് തിരിച്ചുപോവാൻ നൂറു കണക്കിന് പ്രവാസികളാണ് തയ്യാറെടുക്കുന്നത്.

നിലവിൽ യുഏഇയിലേക്കും ഖത്തറിലേക്കും മാത്രമാണ് തിരിച്ച് പോവാൻ സൗകര്യമുള്ളത്. യുഏഇയിലേക്ക് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇപ്പോൾ പ്രത്യേക വിമാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ യാത്രാനുമതി ലഭിക്കണമെങ്കിൽ കോവിഡ് രോഗബാധിതനല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വേണം.

ഇന്ത്യയിൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്ന് മാത്രമെ കോവിഡില്ലാത്ത സർട്ടിഫിക്കറ്റ് ലഭ്യമാവുകയുള്ളൂ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ വിദേശത്ത് സ്വീകരിക്കില്ല. കാസർകോട് ജില്ലയിൽ ഐസിഎംആർ അംഗീകൃത സ്ഥാപനങ്ങളില്ല.  ജില്ലാ ആശുപത്രിയിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സംവിധാനമില്ല. സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് പ്രവാസികളുടെ ഇപ്പോഴത്തെ ആശ്രയം.

അതേസമയം, മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. എന്നാൽ, അതിനുള്ള സംവിധാനങ്ങളൊന്നും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴില്ല. സ്വകാര്യ ആശുപത്രികളിൽ കോവിഡില്ലാ സർട്ടിഫിക്കറ്റിന് വൻ തുകയാണ് ഈടാക്കുന്നത്. കണ്ണൂരിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്.

കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. എന്നാൽ ഐസിഎംആർ അംഗീകാരമുള്ളത് അവരുടെ എറണാകുളം ആശുപത്രി ലാബിനാണ്. ഇവിടെ പരിശോധനക്കുള്ള സ്രവം നൽകിയാൽ എറണാകുളത്തേക്കയച്ച് അവിടെ പരിശോധിച്ച് വേണം റിപ്പോർട്ട് കിട്ടാൻ. ഇതിന് രണ്ട് ദിവസം സമയമെടുക്കും.

4550 രൂപയാണ് ഇതിന് നൽകേണ്ട പ്രതിഫലം. ഗൾഫിൽ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പെ നാട്ടിൽ തിരിച്ചെത്തിയ അവിടെ വിസയുള്ള പ്രവാസികളാണ് ഇപ്പോൾ മടങ്ങിപ്പോകുന്നത്. ഇവരിലധികം പേരും വലിയ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്.

ഭീമമായ സംഖ്യ നൽകിയാണ് ടിക്കറ്റെടുക്കുന്നത്. അതിന് പുറമെയാണ് കോവിഡില്ലാ സർട്ടിഫിക്കറ്റിനും പണം ചിലവാക്കേണ്ടത്. ജില്ലാ ആശുപത്രികളിൽ പരിശോധനക്കുള്ള സംവിധാനം ഏർപ്പെടുത്തി പ്രവാസികൾക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

പെരിയയിലെ കേന്ദ്ര സർവ്വകലാശാല ആസ്ഥാനത്ത് മെഡിക്കൽ റിസർച്ച് സെന്ററിൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്. 2500 രൂപയും ഡോക്ടർ ഫീസുമാണ് ഇതിന് ഈടാക്കുന്നത്. ഇതിന് ഐസിഎംആർ അംഗീകാരം ഉണ്ടോയെന്ന് വ്യക്തമല്ല.

LatestDaily

Read Previous

സൗഹൃദം മാത്രം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല: ശിവശങ്കർ

Read Next

കാഞ്ഞങ്ങാട്ട് നിയന്ത്രണം കർശനമാക്കുന്നു