ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ലൈംഗീക പീഡനക്കേസ്സിൽ മുൻകൂർ ജാമ്യം തേടിയ കാഞ്ഞങ്ങാട്ടെ ഡോക്ടർ പി. കൃഷ്ണൻ 64, കേസ്സന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടു.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയുടെ പരാതിയിൽ ബേക്കൽ പോലീസാണ് പോക്സോ കുറ്റകൃത്യം ചുമത്തി ഡോക്ടർ പി. കൃഷ്ണനെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നത്.
ഡോക്ടറുടെ പെരിയ ടൗണിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ലൈംഗീക പീഡനം നടന്നത്.
പിതാവിനും, മൂത്ത സഹോദരിക്കുമൊപ്പം, ഡോക്ടറുടെ ക്ലിനിക്കിൽ പരിശോധനയ്ക്കെത്തിയതായിരുന്നു പെൺകുട്ടി.
ഡോക്ടറെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തിനിടയിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്ത ഡോക്ടർ ഒളിവിലാണ്. തനിക്ക് 70 വയസ്സ് പ്രായമായെന്നും, പോലീസ് അറസ്റ്റ് ചെയ്താൽ ജയിലിൽ കിടക്കാനുള്ള ശേഷിയില്ലെന്നും, അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അഡ്വ. സി. എസ്. മണിലാൽ, ഡോക്ടർ പി. കൃഷ്ണന് വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.
കോടതി മുൻകൂർജാമ്യഹരജിയിൽ ഉത്തരവു പുറപ്പെടുവിച്ച ജുലായ് 10 മുതൽ 10 ദിവസത്തിനകം കേസ്സന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഉത്തരവിട്ടത്. ഡോക്ടർ ഇങ്ങിനെ കീഴടങ്ങിയാൽ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം, അരലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കേണ്ടതാണ്.
എല്ലാ ശനിയാഴ്ചയും കാലത്ത് 9-നും 11 മണിക്കും മദ്ധ്യെ ഡോക്ടർ കൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം.
യാതൊരു തരത്തിലും കേസ്സന്വേഷണത്തിൽ പോലീസിനെ സ്വാധീനിക്കുകയോ, മറ്റു വിധത്തിൽ കേസ്സിൽ ഇടപെടുകയോ ചെയ്യാൻ പാടില്ലാത്തതാണ്. ഈ കേസ്സിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനിടയിൽ ഇരയായ പെൺകുട്ടിയെ കാണാനോ, സ്വാധീനിക്കാനോ പാടില്ലാത്തതാണ്.
അങ്ങിനെ കാണുകയോ സ്വാധീനിക്കുകയോ, സമാധാന രീതിയിലുള്ള മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ മുൻകൂർ ജാമ്യം സ്വമേധയാ റദ്ദാകുന്നതായിരിക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ബേക്കൽ പോലീസ് ഐപി, പി. നാരായണനാണ് ഈ കേസ്സന്വേഷിക്കുന്നത്.