നഗരസഭ അധ്യക്ഷയുടെ പി.ഏ. നിയമനം ഗ്രൂപ്പിൽ ഉടക്കി

കാഞ്ഞങ്ങാട് : നഗരസഭ അധ്യക്ഷ കെ.വി. സുജാതയ്ക്ക് പാർട്ടി തലത്തിൽ ഒരു പേഴ്സണൽ അസിസ്റ്റൻഡിനെ നിയമിക്കാനുള്ള സിപിഎം തീരുമാനം പിടിവലിയെത്തുടർന്ന് അനിശ്ചിതത്വത്തിൽ. േകരളത്തിലെ  86 നഗരസഭകളിലും ചെയർമാനോ, ചെയർപേഴ്സണോ ഭരണ സുതാര്യയ്ക്ക് വേണ്ടി ഒരു പി.ഏ.യെ നഗരസഭയ്ക്ക് സ്വന്തം നിലയിൽ ശമ്പളം കൊടുത്ത് നിയമിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തുവന്നതിന് ശേഷം സംസ്ഥാനത്തെ ഒട്ടുമുക്കാൽ നഗരസഭകളിലും അധ്യക്ഷന്മാരുടെ പാർട്ടി നിയന്ത്രണത്തിന് പി.ഏ. മാരെ നിയമിച്ചു കഴിഞ്ഞു.

25000 രൂപ പി.ഏ മാർക്ക് നഗരസഭ തനതു ഫണ്ടിൽ നിന്ന് പ്രതിമാസം ശമ്പളം കൊടുക്കാനും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഎം ചെയർപേഴ്സൺ കെ.വി. സുജാതയുടെ പി.ഏ. ആയി മുൻ നഗരസഭ കൗൺസിലറും, സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവുമായ മെഹ്മൂദ് മുറിയനാവിയെ നിയമിക്കാൻ മുൻ നഗരസഭ ചെയർമാൻ സിപിഎമ്മിലെ  വി.വി. രമേശൻ ഏറെ താൽപ്പര്യമെടുത്തപ്പോൾ, തനിക്ക് പ്രത്യേകിച്ച് ഒരാളെ പി.ഏ. ആയി വേണ്ടെന്ന നിലപാടാണ് അധ്യക്ഷ കെ.വി. സുജാത സ്വീകരിച്ചത്.

മെഹ്മൂദ് വി.വി. രമേശന്റെ വിശ്വസ്ഥനായ അരുമ എന്നതിനാൽ രമേശനെ പാർട്ടിക്കുള്ളിൽ എതിർക്കുന്ന ഒരു വിമത വിഭാഗം മെഹ്മൂദിനെ നിയമിക്കുന്നതിനോട് എതിർപ്പുമായി രംഗത്തു വരികയും ചെയ്തു. ചെയർപേഴ്സന്റെ പി. ഏ.യുടെ ഉത്തരവാദിത്തങ്ങൾ മുഴുവൻ കഴിഞ്ഞ ഒന്നരവർഷക്കാലമായി നഗരസഭ ഓഫീസിൽ നടത്തിവരുന്നത് നഗരസഭയിലെ സീനിയർ ക്ലാർക്ക് വേണുഗോപാൽ കരിച്ചേരിയാണ്.

കേരള മുൻസിപ്പൽ കോർപ്പറേഷൻ സംഘടനയുടെ സംസ്ഥാന നേതാവുകൂടിയാണ് വേണുഗോപാൽ. ചെയ്തുവരുന്ന സേവനത്തിൽ നിന്ന് വേണുഗോപാലിനെ മാറ്റി മറ്റൊരു പി.ഏ.യെ നിയമിക്കുന്നതിനോടാണ് അധ്യക്ഷ കെ.വി. സുജാത അതൃപ്തി പ്രകടിപ്പിച്ചത്. വി.വി. രമേശനെതിരെ നഗര ഭരണത്തിലും, പാർട്ടി ഏരിയാ കമ്മിറ്റിയിലും ഒരു വിമത ഗ്രൂപ്പ് ശക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കാസർകോട് ജില്ലയിലുള്ള സ്ഥാനമാനങ്ങൾ മുഴുവൻ ഒഴിവാക്കി പാർട്ടി പ്രവർത്തനം തിരുവനന്തപുരത്തേക്ക് മാറ്റാൻ ഇടക്കാലത്ത് വി.വി. രമേശൻ ആലോചിച്ചത്.

വി.വി. രമേശന്റെ അരുമയായി മെഹ്മൂദ് മുറിയനാവി നഗരസഭ അധ്യക്ഷയുടെ പി.ഏ. ആയാൽ നഗര ഭരണത്തിൽ വിമത വിഭാഗം അഴിമതി സാധ്യതകൾ തള്ളിക്കളയുന്നില്ല. മാത്രമല്ല, നഗര ഭരണത്തിന്റെ മൊത്തം നിയന്ത്രണം രമേശന്റെ കൈകളിലുമാകും. ഇതെല്ലാം കൊണ്ടുതന്നെ മെഹ്മൂദിനെ ഒഴിവാക്കി പാർട്ടി ഏ.സി.യംഗം കുറുന്തൂരിലെ വി. സുകുമാരനെ പി.ഏ. ആയി നിയമിക്കാനുള്ള ചർച്ചകൾ പാർട്ടി കാഞ്ഞങ്ങാട് ഏരിയാതലത്തിൽ നടത്തിക്കഴിഞ്ഞു.

സുകുമാരൻ മുൻ നഗരസഭ കൗൺസിലറും, പാർട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. അപ്പുക്കുട്ടന്റെ വക്കീൽ ഗുമസ്ഥനുമാണ്. വി. സുകുമാരനെ നഗരസഭ അധ്യക്ഷയുടെ പി.ഏ. ആക്കാതിരിക്കാൻ വി.വി. രമേശൻ ഗ്രൂപ്പും, ശക്തമായി ഇടപെട്ടതിനാൽ, അധ്യക്ഷയുടെ പേഴ്സണൽ അസിസ്റ്റൻഡ് നിയമന തീരുമാനം തീർത്തും അനിശ്ചിതത്വത്തിലാണ്. പാർട്ടി ജില്ലാ സിക്രട്ടറിയേറ്റംഗമായ വി.വി. രമേശനെതിരെ ധീരമായ തീരുമാനമെടുക്കാൻ പാർട്ടി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

ചെസ്സ്‌ബോർഡ് പോലെ ചെന്നൈയിലെ നേപ്പിയര്‍ പാലം

Read Next

മേൽപ്പറമ്പിൽ കാണാതായ പെൺകുട്ടി പയ്യന്നൂരിൽ