ബലമായി ഹിജാബ് അഴിപ്പിച്ചെന്ന പരാതിയുമായി നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍

നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ ഒരു കൂട്ടം വിദ്യാർത്ഥിനികളെ തടഞ്ഞെന്ന് പരാതി. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് സംഭവം. രാജസ്ഥാനിലെ കോട്ടയിൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ ഒരു കൂട്ടം പെൺകുട്ടികളെ പ്രവേശന കവാടത്തിൽ തടഞ്ഞുനിർത്തി ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടു.

ഇതേതുടർന്ന് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികളും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പരീക്ഷാ കൺട്രോളറെ വിളിച്ചുവരുത്തി പരീക്ഷയ്ക്കിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഉത്തരവാദി താനാണെന്ന് രേഖാമൂലം ഒപ്പിട്ട ശേഷം വിദ്യാർത്ഥിനികളെ ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചു.

തർക്കത്തെ തുടർന്ന് വിദ്യാർത്ഥിനികൾക്ക് കോട്ടയിൽ പരീക്ഷയെഴുതാൻ അനുവാദം നൽകിയെങ്കിലും മഹാരാഷ്ട്രയിലെ വാഷീമിൽ വിദ്യാർത്ഥിനികൾ പരിശോധനയ്ക്കായി ഹിജാബ് മാറ്റാൻ നിർബന്ധിതരായി. പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആറോളം വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്.

K editor

Read Previous

ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനം 

Read Next

ബംഗാളിൽ ലക്ഷ്യം 25 സീറ്റുകൾ; കേന്ദ്ര മന്ത്രിമാരെ നിയോഗിച്ച് ബിജെപി