തുരങ്കപാതകളിൽ മുന്നറിയിപ്പ് ബോർഡുമായി റെയിൽവേ

ആലുവ: കനത്ത മഴയെ തുടർന്ന് തുരങ്കങ്ങളിലെ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളുമായി റെയിൽവേ രംഗത്തെത്തി. തുരങ്കങ്ങളിലെ ജലനിരപ്പ് 60 സെന്‍റീമീറ്ററിൽ കൂടുതൽ ഉയർന്നാൽ ഗതാഗതം നിരോധിക്കാനാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള കൊരട്ടിക്കും പേരണ്ടൂരിനും ഇടയിലുള്ള ആറ് തുരങ്കപാതകളിലാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്. 30 സെന്‍റിമീറ്റർ മുതൽ 2.10 മീറ്റർ വരെയുള്ള സ്കെയിലിൽ ജലനിരപ്പ് 60 സെന്‍റിമീറ്റർ കടന്നാൽ യാത്ര സുരക്ഷിതമല്ലെന്ന് അധികൃതർ പറഞ്ഞു.

അതിനാൽ വാഹനത്തിലോ കാൽനടയായോ പോകാൻ അനുവദിക്കില്ല. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നാൽ റെയിൽവേ കൺട്രോൾ റൂമിനെ അറിയിക്കാനുള്ള നമ്പറുകളും ബോർഡിലുണ്ട്. വിവരം ലഭിച്ചാലുടൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വെള്ളം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലത്ത് തുരങ്കങ്ങളിൽ പ്രത്യേക നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.

K editor

Read Previous

ഇനി കയറില്ല; ഇൻഡിഗോയുടെ വിമാനയാത്രാവിലക്ക് ശരിവച്ച് ഇ പി ജയരാജൻ

Read Next

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ റീ പോസ്റ്റ്‌മോർട്ടം നടത്തും