പ്രവാസിയിൽ നിന്ന് ഫാഷൻഗോൾഡ് തട്ടിയെടുത്തത് അരക്കോടി

പണം നൽകാൻ ടി.വി.രാജേഷ്  എംഎൽഏ ഖമറുദ്ദീനോടാവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: പഴയങ്ങാടി നെരുവമ്പ്രത്തെ മുൻ പ്രവാസി ഇ. ബാലകൃഷ്ണനിൽ നിന്നും മുസ്ലീം ലീഗ് എംഎൽഏ ചെയർമാനായ ഫാഷൻ ഗോൾഡ് സ്ഥാപനം തട്ടിയെടുത്തത് അമ്പതുലക്ഷം രൂപ.

34 വർഷത്തോളം സൗദി  മണലാരണ്യത്തിൽ വിയർപ്പൊഴുക്കി മിച്ചം വെച്ച സമ്പാദ്യത്തിൽ നിന്നാണ് 2015-ൽ ബാലകൃഷ്ണൻ 50 ലക്ഷം രൂപ ഫാഷൻ ഗോൾഡ് പയ്യന്നൂർ ശാഖയിൽ നിക്ഷേപിച്ചത്.

ആകർഷകമായ പലിശ വാഗ്ദാനം ലഭിച്ചതുകൊണ്ടാണ് ഇദ്ദേഹം ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി. കെ. പൂക്കോയ തങ്ങൾ വഴി ജ്വല്ലറിയിൽ പണം നിക്ഷേപിച്ചത്.

മകന്റെ പഠനത്തിന് മാറ്റിവെച്ച തുകയാണ് പൂക്കോയ തങ്ങളുടെയും, എം.സി.ഖമറുദ്ദീൻ എംഎൽഏയുടെയും മോഹന വാഗ്ദാനങ്ങളിൽപ്പെട്ട് ബാലകൃഷ്ണൻ ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. രണ്ടര വർഷത്തോളം ഈ പണത്തിന്  പലിശ ലഭിച്ചിരുന്നു.

മകന്റെ വിദേശപഠനത്തിന് പണമാവശ്യമായി വന്നതോടെയാണ് ഇദ്ദേഹം നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടത്. ഇതോടെ പൂക്കോയ തങ്ങളുടെയും എം. സി. ഖമറുദ്ദീന്റെയും തനിനിറം വെളിച്ചത്തായി.

നിക്ഷേപം തിരികെയാവശ്യപ്പെട്ട് ബാലകൃഷ്ണൻ ആദ്യം സമീപച്ചത് പയ്യന്നൂർ ഫാഷൻഗോൾഡ് ശാഖാ മാനേജർ ആരിഫ് അബൂബക്കറിനെയാണ്. മാനേജർ പരുഷമായി പെരുമാറിയതിനെ തുടർന്ന് ഇദ്ദേഹം ടി. കെ. പൂക്കോയ തങ്ങളെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും, പണത്തിന് അവധിയാവശ്യപ്പെടുകയായിരുന്നു.

പല തവണ പൂക്കോയ തങ്ങളെക്കണ്ട് നിക്ഷേപം തിരികെ ചോദിച്ചതിനെ തുടർന്ന് 10 ലക്ഷം രൂപ ബാലകൃഷ്ണന് തിരികെ ലഭിച്ചെങ്കിലും, ബാക്കി 40 ലക്ഷം രൂപ എപ്പോൾ തിരികെ നൽകുമെന്ന് ജ്വല്ലറിയുടമകൾ ഇപ്പോഴും  പറയുന്നില്ല.

നിക്ഷേപത്തുക തിരികെ കിട്ടാത്തതിനെ തുടർന്ന് ഇദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ കല്ല്യാശ്ശേരി എംഎൽഏ ടി. വി. രാജേഷ് വഴി എം. സി. ഖമറുദ്ദീനുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും, ബംഗളൂരുവിലെ സ്ഥലം വിറ്റ് പണം നൽകാമെന്നാണ് ഖമറുദ്ദീൻ പറഞ്ഞത്.

പയ്യന്നൂർ ഫാഷൻഗോൾഡ് സ്ഥാപനം അടച്ചു പൂട്ടുന്നതിന് മുമ്പാണ് ബാലകൃഷ്ണൻ ടി. വി. രാജേഷ് എംഎൽഏയെ  വിവരമറിയിച്ചതും രാജേഷ് എം. സി. ഖമറുദ്ദീൻ എംഎൽഏയുമായി ചർച്ച നടത്തിയതും.

താൻ പണമിടപാട് നടത്തിയത് പൂക്കോയ തങ്ങളുമായിട്ടാണെന്നും  ഇപ്പോൾ ഫോൺ വിളിച്ചാൽ പൂക്കോയ ഫോണെടുക്കാറില്ലെന്നുമാണ് ബാലകൃഷ്ണന്റെ പരാതി.

പയ്യന്നൂരിലെ ബാലാജി ടവർ ഉടമയും നഗരത്തിലെ ടെക്സ്റ്റൈൽ സ്ഥാപനത്തിന്റെ പാർട്ണറുമാണ് പഴയങ്ങാടി നെരുവമ്പ്രം സ്വദേശി  ബാലകൃഷ്ണൻ.

പ്രവാസ ജീവിതം മതിയാക്കിയ ഇദ്ദേഹം ഇപ്പോൾ നാട്ടിൽ ബിസിനസ് നടത്തുകയാണ്.

LatestDaily

Read Previous

മദ്യവേട്ടയ്ക്കിറങ്ങിയ എക്സൈസിന് കിട്ടിയത് കുഴൽപ്പണം

Read Next

യുവമോർച്ച സിവിൽസ്റ്റേഷൻ ഗെയിറ്റ് ചാടി; പോലീസ് നോക്കി നിന്നു