പണപ്പെരുപ്പം രാജ്യ​ത്തെ ദരിദ്രരെ ബാധിച്ചില്ലെന്ന് നിർമല സീതാരാമൻ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ദരിദ്രരായവരെ പണപ്പെരുപ്പം ബാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ പാവപ്പെട്ടവരെ രക്ഷിച്ചുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പണപ്പെരുപ്പം 7.01 ശതമാനമാണ്. അപ്പോഴാണ് മന്ത്രി പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

വികസ്വര രാജ്യങ്ങളിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്ന യുഎൻ ഡെവലപ്മെന്‍റ് പ്രോഗ്രാം (യുഎൻഡിപി) റിപ്പോർട്ട് പ്രകാരമാണ് മന്ത്രിയുടെ ട്വീറ്റുകൾ. വികസ്വര രാജ്യങ്ങളിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്ന യുഎൻഡിപി റിപ്പോർട്ട് കാണിക്കുന്നത് പണപ്പെരുപ്പം ഇന്ത്യയിലെ ദരിദ്രരെ നേരിയ തോതിൽ മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നാണ്. കോവിഡ് -19 മഹാമാരിക്കാലത്ത് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതികൾ കാരണം പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റം ദരിദ്രർക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ലെന്ന് ധനമന്ത്രി പറഞ്ഞു.

മഹാമാരിയുടെ തുടക്കം മുതൽ, പിഎംജികെഎവൈ, പിഎംജികെവൈ, എന്നിവയിലൂടെ പാവപ്പെട്ടവർക്ക് ഭക്ഷണവും പണവും സമയബന്ധിതമായി കൈമാറുന്ന സമ്പ്രദായം മോദി സർക്കാർ നടപ്പാക്കി. ഈ തന്ത്രമാണ് പാവപ്പെട്ടവരെ രക്ഷിച്ചതെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ പണപ്പെരുപ്പം പ്രതിദിനം 1.9 ഡോളർ എന്ന “മിനിമം ദാരിദ്ര്യരേഖയ്ക്ക്” താഴെ ആരെയും എത്തിച്ചിട്ടില്ലെന്ന് യുഎൻഡിപി റിപ്പോർട്ടിൽ പറയുന്നു. പി.എം.ജി.കെ.എ.വൈക്ക് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാധാരണ ഭക്ഷ്യ ധാന്യങ്ങൾക്ക് പുറമേ ഒരാൾക്ക് പ്രതിമാസം 5 കിലോ സൗജന്യ റേഷൻ സർക്കാർ നൽകി. ജൻ ധൻ അക്കൗണ്ടുകളിലൂടെ 20 കോടിയോളം സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

K editor

Read Previous

ഫോൺ ചോർത്തൽ കേസിൽ ചിത്ര രാമകൃഷ്ണനെ ഇ.ഡി അറസ്റ്റ് ചെയ്തു

Read Next

‘മരമായി വളരണം’ എന്നാഗ്രഹിച്ചു ; പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി