ഫാസിലിന് ഭ്രമം ആഡംബര കാറുകൾ; സിനിമാതാരങ്ങള്‍ സുഹൃത്തുക്കള്‍

സന്ദീപിന് ബെൻസ് കാർ നൽകിയത് ഫാസിൽ

ദുബായ്: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വർണ്ണം കടത്തിയ കേസിൽ  മൂന്നാംപ്രതിയായി എൻഐഏ  ഉള്‍പ്പെടുത്തിയ ഫാസില്‍ ഫരീദിന് ഉന്നത ബന്ധങ്ങള്‍. ദുബായ് ഖിസൈസില്‍ ജിംനേഷ്യം നടത്തുന്ന ഫാസിൽ ഫരീദ് കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ്.  റാഷിദിയ്യയിൽ  കുടുംബത്തോടൊപ്പം താമസിക്കുന്ന ഇയാള്‍ ദുബായ് സന്ദര്‍ശനത്തിനും ഷൂട്ടിംഗിനും എത്തുന്ന സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി പെട്ടെന്ന് സൗഹൃദത്തിലാകും.  ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്.

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവര്‍ ഫരീദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരിൽ പ്രതി സന്ദീപിന് ബെന്‍സ് കാര്‍ വാങ്ങിക്കൊടുത്തത് ഫരീദാണ്.

തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് വിലാസത്തിലെത്തിയ 30 കിലോ സ്വർണ്ണം യുഏഇയില്‍ നിന്ന് കയറ്റിയയച്ചത് ഫാസിൽ ഫരീദായിരുന്നു.    ഫാസിൽ ഫരീദിനെ  ഇന്ത്യയ്ക്ക് കൈമാറാന്‍ എൻഐഏ  യുഎഇയോട് ആവശ്യപ്പെട്ടേക്കും.   ഫരീദിന്റെ വളര്‍ച്ച ആഡംബര വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പിലൂടെയായിരുന്നു.

ദുബായില്‍ ജോലി ചെയ്തിരുന്ന പിതാവിന്റെ അടുത്തേക്ക് 19-ാം വയസില്‍ ബിബിഎ ചെയ്യാനായി സ്റ്റുഡന്‍സ് വിസയിൽ പോയ ഫാസിലിന് ചെറുപ്പത്തില്‍ തന്നെ വാഹനങ്ങളോട് വലിയ കമ്പമായിരുന്നു.   

സ്റ്റുഡന്റ് വിസയില്‍ ദുബയില്‍ എത്തിയ ഇയാൾ വാച്ച് കമ്പനിയില്‍ സ്റ്റോര്‍ ഇന്‍ ചാര്‍ജായും അല്‍ ബനായ ഗ്രൂപ്പിന്റെ നോക്കിയ മൊബൈല്‍ വില്‍പ്പന കമ്പനിയായ ആക്‌സിയോണിലും ജോലി നോക്കിയിരുന്നു. പിന്നീട്  ദുബായില്‍ ആഡംബര വാഹനങ്ങളുടെ വര്‍ക്ക്‌ഷോപ്പ് ഫൈസി മോട്ടോഴ്‌സ് ആരംഭിച്ചു.  പിതാവ് രോഗിയായതോടെ ഉമ്മയേയും സഹോദരങ്ങളേയും ദുബായിലേക്ക് കൊണ്ടുവരികയായിരുന്നു. പിതാവ് ഈയിടെ കോവിഡ് ബാധിച്ചു മരിച്ചു.

നാട്ടില്‍ മൂന്നുപീടികയിലെ വീട് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. വിദേശത്ത് നിന്ന് തന്നെ വിവാഹം കഴിച്ച ഫാസിലിന് നാട്ടില്‍ വലിയ ബന്ധങ്ങളൊന്നുമില്ല.

Read Previous

താജു പോലീസ് കസ്റ്റഡിയിൽ കൂട്ടുപ്രതി ചട്ടങ്കുഴി അമീർ മുങ്ങി

Read Next

കള്ളക്കടത്ത് സ്വർണ്ണം കൈമാറുന്നത് ജ്വല്ലറികളിൽ