ഫുട്ബോൾ കണക്ക് പുറത്തു വിട്ടില്ല. ആസ്പയർ സിറ്റി ക്ലബ്ബിൽ പൊട്ടലും ചീറ്റലും

പടന്നക്കാട്: കലോത്സവ മൈതാനിയിൽ പടന്നക്കാട് കേന്ദ്രമാക്കിയുള്ള ആസ്പയർ സിറ്റി ക്ലബ്ബ് നടത്തിയ ഫുട്ബോൾ മേളയുടെ ലാഭ നഷ്ടക്കണക്കുകൾ ഇനിയും ക്ലബ്ബംഗങ്ങളിൽ അവതരിപ്പിച്ചില്ല.

ഫുട്ബോൾ പണം ക്ലബ്ബ് ഭാരവാഹികളിൽ ചിലർ  സ്വന്തമാക്കിയെന്ന ആരോപണം പ്രമുഖർ നയിക്കുന്ന ഈ ക്ലബ്ബിൽ പൊട്ടലും ചീറ്റലുമുയർത്തിയിട്ടുണ്ട്.

ബൃഹത്തായ പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടാണ് പടന്നക്കാട്ട് ആസ്പയർ സിറ്റി ക്ലബ്ബ് രൂപീകരിച്ചത്.

കോൺട്രാക്ടർ ജോയ് ജോസഫ് , മുസ്്ലീം ലീഗ് നഗരസഭാ കൗൺസിലർ അബ്ദുൾ റസാക്ക് തായലക്കണ്ടി, ഇ-പ്ലാനെറ്റ് മാനേജിംഗ് പാർട്ട്ണർ അഷ്കർ, കിച്ച് മാർട്ട് മാനേജിംഗ് പാർട്ടണർ അബ്ദുൾ മുനീർ, ഇന്റർലോക്ക് വ്യാപാരി പടന്നക്കാട്ടെ  സത്യൻ, തുടങ്ങിയവരാണ് ആസ്പയർ സിറ്റി ക്ലബ്ബിന്റെ തലപ്പത്തുള്ളത്.

2020 ഫിബ്രവരി  ഒടുവിലാണ് ക്ലബ്ബ് കലോത്സവ മൈതാനിയിൽ  ഫുട്ബോൾ മാമാങ്കം  നടത്തിയത്. ഫുട്ബോൾ മേള വൻ ലാഭത്തിലായിരുന്നു.

ലാഭം ആഘോഷിക്കാൻ മാർച്ച് ആദ്യവാരത്തിൽ കലോത്സവ മൈതാനിയിലെ സ്റ്റേഡിയത്തിനകത്ത് നൂറോളം പേരുടെ ഗംഭീര നിശാപാർട്ടിയും ക്ലബ്ബ് നടത്തിയിരുന്നു.

ഫുട്ബോൾ മേള വൻ ലാഭം കൊയ്തിട്ടും, ലാഭ നഷ്ടക്കണക്കുകൾ ലോക്ഡൗൺ കാലം കഴിഞ്ഞിട്ടും , ക്ലബ്ബംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാതെ രഹസ്യമാക്കി വെച്ചതാണ് ആസ്പയറിനെതിരെ തിരിയാൻ ഇപ്പോൾ അംഗങ്ങളെ പ്രേരിപ്പിച്ചത്.

ഒരു ലക്ഷം രൂപ മെമ്പർഷിപ്പ് തുക ഈടാക്കിയാണ് ആസ്പയർ ക്ലബ്ബിലേക്ക് വ്യാപകമായി അംഗങ്ങളെ ചേർത്തും, ആകർഷിച്ചതും. ക്രിക്കറ്റ് സ്റ്റേഡിയം, സിമ്മിംഗ്പൂൾ, കായിക വിനോദങ്ങൾക്കുള്ള മറ്റു സജ്ജീകരണങ്ങൾ എന്നിവ പടന്നക്കാട്ട് ഏർപ്പെടുത്തുമെന്ന് കൊട്ടിഘോഷിച്ചാണ് ഒന്നര വർഷം മുമ്പ് ആസ്പയർ ക്ലബ്ബ്  ആരംഭിച്ചതെങ്കിലും, മെമ്പർഷിപ്പിന് ഒരു ലക്ഷം രൂപ വാങ്ങിയവർ പിന്നീട് ലാഭ വിഹിതമൊന്നും  കിട്ടാതിരുന്നതിനാലാണ് ബഹളം വെച്ചത്. ലക്ഷം രൂപയിൽ നിന്ന് 85,000 രൂപ തിരിച്ചു കൊടുത്തശേഷമാണ് ക്ലബ്ബ് മെമ്പർഷിപ്പിന് 15000 രൂപ ഈടാക്കിയത്.

ഒരു സാധാ ക്ലബ്ബിൽ അംഗമാകാൻ 15000 രൂപ മെമ്പർഷിപ്പ് ഫീസ് വാങ്ങിയ സംഭവം നാട്ടിൽ ഒരിടത്തുമില്ല.

15000 രൂപ മുടക്കി ആസ്പയർ ക്ലബ്ബിൽ അംഗങ്ങളെ ചേർത്തതിൽ കൗൺസിലർ അബ്ദുൾ റസാക്ക് തായലക്കണ്ടിയും, കോൺട്രാക്ടർ ജോയ്ജോസഫുമാണ് മുൻ നിരയിലുണ്ടായിരുന്നത്. ഫുട്ബോൾ മേള നടത്തിയതും ഈ ടീം തന്നെയാണ്.

LatestDaily

Read Previous

നിരീക്ഷണ ക്യാമറ ഓഫാക്കിയ ബാങ്ക് ഉദ്യോഗസ്ഥന് താക്കീത്

Read Next

ശിവശങ്കർ കസ്റ്റംസിനെ മൂന്ന് തവണ വിളിച്ചു; ബാഗ് പരിശോധന തടയാനും ശ്രമിച്ചു