കേസ് വിചാരണ വേളയിൽ അഭിഭാഷകരുടെ സംസാരം,കോടതി അതൃപ്തി അറിയിച്ചു

കാഞ്ഞങ്ങാട് : പോക്സോചുമത്തിയ കേസ്സിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ ഒരു വിഭാഗം അഭിഭാഷകർ കോടതിയിലെ കസേരകളിലിരുന്ന് പരസ്പരം ഉച്ചത്തിൽ സംസാരിച്ച് വിചാരണ നടപടികൾക്ക് തടസ്സം നിന്നതിൽ പോസ്കോ കോടതി ജഡ്ജ് അതൃപ്തി അറിയിച്ചു.

ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിന്റെ വിചാരണ വേളയിൽ ഇന്നലെ ഹൊസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കേസ്സ് കേൾക്കാൻ തുറന്ന കോടതിയിലെ കസേരകളിലിരുന്ന ഈ കേസ്സുമായി ബന്ധമില്ലാത്ത ഒരു പറ്റം വക്കീലന്മാർ തുടർച്ചയായി സംസാരം തുടങ്ങിയത്.

കേസ്സിൽ കുറ്റപത്രം സമർപ്പിച്ച ചന്തേര ഇൻസ്പെക്ടർ, പി, നാരായണനെ ഇന്നലെ ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതിയിൽ വിസ്തരിച്ചിരുന്നു. പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബി. എ. ആളൂർ അന്വേഷണ ഉദ്യോഗസ്ഥനെ ക്രോസ് ചെയ്യുന്ന വേളയിലാണ് കോടതി  ഹാളിൽ അഭിഭാഷകരുടെ ശബ്ദശല്യം കൂടി വന്നത്. വിചാരണ നടപടികൾക്ക് തടസ്സം നേരിട്ടപ്പോൾ, ഫാസ്റ്റ് ട്രാക്ക് ജഡ്ജ് അഭിഭാഷകരോട് വാക്കാൽ അതൃപ്തി അറിയിച്ചു.

” ഒന്നികിൽ കോടതി ഹാളിൽ മിതത്വം പാലിക്കണം. അല്ലെങ്കിൽ ഞാൻ അവിടെ വന്നിരിക്കാം. നിങ്ങൾ ഇവിടെ വന്നിരുന്ന്  കേസ്സ് നടത്തണം”  ന്യായാധിപൻ അതൃപ്തി തുറന്നറിയിച്ചതോടെ, ചില അഭിഭാഷകരെല്ലാം കോടതി മുറിവിട്ടു പോവുകയും ചെയ്തു. മാവിൻ മുകളിൽ കയറിയ പതിമൂന്നുകാരി പെൺകുട്ടിയെ ശരീരഭാഗങ്ങളിൽ ദുരുദ്ദേശത്തോടെ ചേർത്ത് പിടിച്ച് താഴെയിറക്കിയെന്നതിന് പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ചന്തേര പോലീസ് പെൺകുട്ടിയുടെ അയൽക്കാരനായ അമ്പതുകാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ്സിന്റെ വിചാരണയാണ് ഇന്നലെ പോക്സോ കോടതിയിൽ നടന്നത്.

LatestDaily

Read Previous

അനധികൃത ഹോട്ടൽ; പ്രതിഷേധം കടുത്തു

Read Next

എഡിഎംഏയുമായി യുവാവ് പിടിയിൽ