ജില്ലയിലെ മത്സ്യ-ഇറച്ചി മാർക്കറ്റുകൾ അടച്ചു, കോട്ടച്ചേരി മീൻ മാർക്കറ്റ് പോലീസ് അടപ്പിച്ചു

കാഞ്ഞങ്ങാട്: കോവിഡ് -19 വ്യാപന സാഹചര്യത്തിൽ കോട്ടച്ചേരി മീൻ മാർക്കറ്റ് ഇന്ന് രാവിലെ പോലീസ് അടപ്പിച്ചു.

മാർക്കറ്റിനകത്തുള്ള ഇറച്ചിക്കടകളും പച്ചക്കറിക്കടകളും അടപ്പിച്ചിട്ടിട്ടുണ്ട്.

പുലർച്ചെ മാർക്കറ്റിലേക്ക് മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന മീൻ വണ്ടികളിൽ നിന്നുള്ള ഹോൾസെയിൽ വിൽപ്പന അനുവദിച്ചിരുന്നു. 

ഇന്നലെ രാത്രി തന്നെ ഇന്ന് കടകൾ തുറക്കരുതെന്ന നിർദ്ദേശം പോലീസ് നൽകുകയുണ്ടായി.

പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും നൽകിയ മുന്നറിയിപ്പുകൾ പാലിക്കാതെ പതിവ് പോലെ ഇന്ന് മീൻ മാർക്കറ്റിലെ സ്റ്റാളുകളിലും തറകളിലും വെച്ചുള്ള വിൽപ്പന ആരംഭിച്ചിരുന്നു.

പോലീസെത്തി എല്ലാ കടകളും അടപ്പിക്കുകയായിരുന്നു.  ഇപ്രകാരം ഹോസ്ദുർഗ്ഗ് മീൻ മാർക്കറ്റ്, തൃക്കരിപ്പൂരിലെ ഫിഷ് ആന്റ് മീറ്റ് മാർക്കറ്റ്, കാസർകോട് നഗരസഭയിലെ മീൻ മാർക്കറ്റുകൾ, ഉപ്പളയിലെ ഹനഫി ബസാർ മീൻ മാർക്കറ്റ്. കുമ്പള മഞ്ചേശ്വരം  കുഞ്ചത്തൂർ മാട മാർക്കറ്റുകൾ , പിലിക്കോട് പഞ്ചായത്തിന്റെ വക കാലിക്കടവ് ബസാറിലുള്ള മത്സ്യവും പച്ചക്കറികളും  വിൽക്കുന്ന മാർക്കറ്റ്,  ചെമ്മനാട് പഞ്ചായത്തിൽപ്പെട്ട ചട്ടഞ്ചാൽ മേൽപ്പറമ്പ് ടൗണിലുള്ള മീൻ വിൽപ്പനയും മീൻ മാർക്കറ്റും തുടങ്ങി ജില്ലയിലെ പ്രധാന മത്സ്യമാർക്കറ്റുകളും മറ്റു വിൽപ്പന കേന്ദ്രങ്ങളും  അടപ്പിച്ചിട്ടുണ്ട്.

ജില്ലയിൽ കോവിഡ് 19 സമ്പർക്ക കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് മീൻമാർക്കറ്റുകളും പച്ചക്കറി സ്റ്റാളുകളും അടച്ചിട്ടത്.

കാസർകോട് ടൗണിലെ  പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന നാല് പേർക്കും തൊട്ടടുത്ത പഴക്കടയിൽ ജോലി ചെയ്യുന്ന ഒരാൾക്കും കഴിഞ്ഞ ദിവസം കോവിഡ്  സ്ഥിരീകരിച്ചിരുന്നു.

പ്രസ്തുത പച്ചക്കറിക്കടയുടെ ഉടമസ്ഥൻ പച്ചക്കറി വാങ്ങുന്നതിനായി സ്ഥിരം മംഗളൂരുവിലേക്ക് പോവാറുണ്ട്.

ഈ സാഹചര്യത്തിലാണ് മീൻ മാർക്കറ്റും പച്ചക്കറി സ്റ്റാളുകളും തുറക്കരുതെന്ന് നിർദ്ദേശിച്ചത്.

മംഗളൂർ ഭാഗത്ത് നിന്നുള്ള വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

LatestDaily

Read Previous

കൊളവയൽ യുവാവ് റാസൽ ഖൈമയിൽ കാറിടിച്ച് മരിച്

Read Next

മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ഹോംഗാർഡിനെതിരെ കയ്യേറ്റ ശ്രമം