വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകീകൃത ഡ്രസ് കോഡ്; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏകീകൃത ഡ്രസ് കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. സാഹോദര്യവും സമത്വവും ഉറപ്പാക്കാൻ യൂണിഫോം വസ്ത്രധാരണം അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു. ഹിജാബ് തർക്കത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ ലിസ്റ്റ് ചെയ്തതുപോലെ തന്റെ പൊതുതാൽപര്യ ഹർജിയും പരിഗണിക്കണമെന്ന് അഭിഭാഷകൻ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. നിലപാട് പലതവണ പറഞ്ഞിട്ടുണ്ടെന്നും വീണ്ടും നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു. നേരത്തെ ഹിജാബ് നിരോധനം നീക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജികൾ അടുത്തയാഴ്ച ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചിരുന്നു. ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതു വസ്ത്രധാരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിഖിൽ ഉപാധ്യായ, അഭിഭാഷകരായ അശ്വിനി ഉപാധ്യായ, അശ്വനി ദുബെ എന്നിവർ ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.

K editor

Read Previous

ഔദ്യോഗിക പ്രഖ്യാപനം ആയി; ബാഴ്‌സയിൽ തുടരാൻ ഡെംബലെ

Read Next

അനധികൃത ഹോട്ടൽ പരിശോധിക്കും: നഗരമാതാവ്