കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കമ്മറ്റി യോഗം ബഹളത്തിൽ കലാശിച്ചു

ചെറുവത്തൂർ: കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കമ്മറ്റിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി ജനറൽ സിക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗം കൈയ്യാങ്കളിയിൽ കലാശിച്ചു.

ഇന്നലെ വൈകുന്നേരം ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് ഹാളിൽ നടന്ന യോഗമാണ് ഒടുക്കം വാടാ…പോടാ…വിളിയിലും കൈയ്യാങ്കളിയിലും കലാശിച്ചത്.

പിലിക്കോട് മണ്ഡലം കമ്മറ്റിക്കകത്തെ പടലപിണക്കങ്ങളും, പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിലെ പ്രശ്നങ്ങളും പറഞ്ഞു തീർക്കാനാണ് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സിക്രട്ടറി ജി. രതികുമാറിന്റെ സാന്നിദ്ധ്യത്തിൽ യോഗം നടന്നത്.

ചർച്ചയ്ക്കിടെ ഡിസിസി പ്രസിഡണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. കുഞ്ഞികൃഷ്ണനെ അധിക്ഷേപിച്ചതോടെയാണ് യോഗം പ്രക്ഷുബ്ധമായത്.

പിലിക്കോട് മണ്ഡലം കമ്മറ്റിയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയത് നിലവിലെ ഡിസിസി ഭാരവാഹികളാണെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു. നല്ല രീതിയിൽ പ്രവർത്തിച്ച മണ്ഡലം കമ്മറ്റിയെ നോക്കുകുത്തിയാക്കിയത്,  ജന പിന്തുണയില്ലാത്ത നേതാക്കളാണെന്ന് ഐ വിഭാഗം കുറ്റപ്പെടുത്തി.

കോൺഗ്രസ്സിന്റെ നിയന്ത്രണത്തിലുള്ള പിലിക്കോട് സഹകരണ ബാങ്കിൽ പുതുതായി നിയമിതനായ സിക്രട്ടറിയോട് കോൺഗ്രസ്സ് ഏ വിഭാഗം നേതാവ് ഏ. വി. കുഞ്ഞികൃഷ്ണൻ  സ്വകാര്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവം ഇന്നലെ നടന്ന യോഗത്തിൽ ചർച്ചയായി.

പിഎസ്്സി വഴി നിയമനം കിട്ടിയെത്തിയ ബാങ്ക് സിക്രട്ടറിയോട് ഏ. വി. കുഞ്ഞികൃഷ്ണൻ 10 ലക്ഷമാവശ്യപ്പെട്ട സംഭവം സിക്രട്ടറി അപ്പോൾ തന്നെ മണ്ഡലം പ്രസിഡണ്ട് കെ. കുഞ്ഞികൃഷ്ണനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

പിലിക്കോട് സഹകരണ ബാങ്ക് നിയന്ത്രിക്കുന്ന ഏ വിഭാഗത്തിന് ഐ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡണ്ടിനെ മാറ്റണമെന്നാണ് ലക്ഷ്യമെന്ന്  യോഗത്തിൽ ആരോപണമുയർന്നു. സിപിഎം ശക്തികേന്ദ്രമായ പിലിക്കോട്ട് വെല്ലുവിളികൾക്കിടയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവൃത്തികൾ ഏറ്റെടുത്തവരാണ് ഐ വിഭാഗമെന്ന്  യോഗത്തിൽ പങ്കെടുത്ത ഐ വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇന്നലെ നടന്ന ചർച്ചകൾ തീരുമാനമാകാതെ അലസിപ്പിരിഞ്ഞതോടെ കോൺഗ്രസ്സ് ഐ വിഭാഗം പത്രസമ്മേളനം വിളിച്ചു ചേർത്ത് കാര്യങ്ങൾ വിശദീകരിച്ചേക്കും.

ഇന്നലത്തെ ചർച്ചയിൽ ജി. രതികുമാറിന് പുറമെ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഡിസിസി ജനറൽ സിക്രട്ടറി കെ. വി. സുധാകരൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡണ്ട് പി. കെ. ഫൈസൽ, ഡിസിസി ജനറൽ സിക്രട്ടറി കെ. കെ. രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.

രാവിലെ നടന്ന നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി യോഗത്തിലും ഡിസിസി പ്രസിഡണ്ട് ഹക്കീംകുന്നിൽ പിലിക്കോട് മണ്ഡലം പ്രസിഡണ്ട് കെ. കുഞ്ഞികൃഷ്ണനെ പരസ്യമായി ശകാരിച്ചിരുന്നു.

വേണ്ടിവന്നാൽ പിലിക്കോട് മണ്ഡലം കമ്മറ്റി തന്നെ പിരിച്ചുവിടുെമന്ന്  ഡിസിസി പ്രസിഡണ്ട് താക്കീതു നൽകി.

LatestDaily

Read Previous

ആലാമിപ്പള്ളി ബസ്്സ്റ്റാന്റ്: വാടകയിനത്തിൽ നഷ്ടമായത് ലക്ഷങ്ങൾ

Read Next

കരിവെള്ളൂരില്‍ മോഷണം പോയ സ്‌കൂട്ടര്‍ കൊയിലാണ്ടിയില്‍