ഫാഷൻഗോൾഡ് പയ്യന്നൂർ കെട്ടിടം നിക്ഷേപകർക്ക് കൈമാറാൻ രഹസ്യനീക്കം

കാഞ്ഞങ്ങാട്: ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പയ്യന്നൂർ കോടതിയിലുള്ള സിവിൽ വ്യവഹാരത്തിൽ, പയ്യന്നൂരിലുള്ള ഫാഷൻ ഗോൾഡ് കെട്ടിടം പിടിച്ചെടുക്കാൻ കോടതി ഉത്തരവു നൽകിയ സാഹചര്യത്തിൽ കണ്ണായ ഭൂമിയും കെട്ടിടവും 4 നിക്ഷേപകരുടെ പേരിൽ റജിസ്റ്റർ ചെയ്തുകൊടുക്കാൻ നീക്കമാരംഭിച്ചു.

പയ്യന്നൂർ പുതിയ ബസ്്സ്റ്റാന്റിലുള്ള  3500 സ്ക്വയർ ഫീറ്റ് കെട്ടിടവും, അതിനോടനുബന്ധിച്ച ഭൂമിയുമാണ് കണ്ടുെകട്ടാൻ  കോടതി ഉത്തരവിട്ടത്. ജ്വല്ലറിയിൽ പണം നിക്ഷേപിച്ച 2 പേരാണ് പയ്യന്നൂർ കോടതിയി ൽ എം. സി. ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ  സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

പയ്യന്നൂരിലെ  വസ്തു വകകൾ മൂന്നോ നാലോ നിക്ഷേപകർക്കായി റജിസ്റ്റർ ചെയ്തു കൊടുത്ത് തലയൂരാനാണ് ശ്രമം നടക്കുന്നത്. ഫാഷൻ ഗോൾഡിന്റെ ആസ്തികൾ പയ്യന്നൂരിലെ 3500 സ്ക്വയർ ഫീറ്റ് കെട്ടിടമുൾപ്പെടുന്ന ഭൂമി, അഞ്ചര കിലോ സ്വർണ്ണം, ബംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിക്ഷേപിച്ച 9 കോടി രൂപ, ഇതിനുപുറമെ എം.ഡിയോ, ചെയർമാനോ നിക്ഷേപിച്ചിട്ടുള്ള രഹസ്യ നിക്ഷേപങ്ങൾ എന്നിവയാണെന്നാണ് പ്രാഥമിക നിഗമനം.

ഇതിൽ പയ്യന്നൂരിലെ കെട്ടിടവും ഭൂമിയും മൂന്നോ നാലോ ആൾക്കാർക്ക് എഴുതിക്കൊടുത്തു കഴിഞ്ഞാൽ ബാക്കി വരുന്ന നൂറു കണക്കിന് നിക്ഷേപകരുടെ സമ്പാദ്യം എങ്ങനെ തിരികെ കിട്ടുമെന്ന് വ്യക്തമല്ല. ഫാഷൻ ഗോൾഡ് സ്വർണ്ണ നിക്ഷേപത്തട്ടിപ്പിന് ഇരയായവരിൽ സാധാരണക്കാരായ വീട്ടമ്മമാരടക്കമുണ്ട്. മക്കളുടെ വിവാഹത്തിനടക്കം സ്വരുക്കൂട്ടിയ നിക്ഷേപമാണ് ചില വീട്ടമ്മമാർ ഫാഷൻ ഗോൾഡ് കറക്കു കമ്പനിയിൽ നിക്ഷേപിച്ചത്.

ജ്വല്ലറിയിൽ ലക്ഷങ്ങൾ മുടക്കിയവർക്ക് പയ്യന്നൂരിലെ കെട്ടിടവും സ്ഥലവും വീതം വെയ്ക്കുമ്പോൾ നൂറുകണക്കിന് വരുന്ന സാധാരണക്കാരുടെ നിക്ഷേപത്തുക എങ്ങിനെ തിരികെ കൊടുക്കുമെന്ന് വ്യക്തമാക്കേണ്ടത് ഫാഷൻ ഗോൾഡ് മാനേജിങ്ങ് ഡയറക്ടറായ ടി.കെ പൂക്കോയതങ്ങളും, ചെയർമാനായ എം.സി ഖമറുദ്ദീൻ എംഎൽഏയുമാണ്.

ഫാഷൻ ഗോൾഡ് സ്ഥാപനത്തിനുള്ള പ്രത്യക്ഷ ആസ്തിയേക്കാൾ വലുതാണ് നിക്ഷേപകർക്ക് തിരികെ കിട്ടാനുള്ള തുക. നിക്ഷേപത്തുക തിരികെയാവശ്യപ്പെട്ട് പലരും പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.

ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് സമ്പാദ്യം നഷ്ടപ്പെട്ട പലരും ടി.കെ പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലെത്തുന്നുണ്ടെങ്കിലും അദ്ദേഹം വീട്ടിലില്ലാത്തതിനാൽ തിരികെ പോകുകയാണ് ചെയ്യുന്നത്.

ലീഗ് എംഎൽഏ നേതൃത്വം നൽകിയ സ്വർണ്ണ നിക്ഷേപത്തട്ടിപ്പിനെക്കുറിച്ച് ലീഗ് സംസ്ഥാന നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

വഖഫ് ഭൂമി തട്ടിപ്പിലും, ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലും, ആരോപണ വിധേയനായ എം.സി ഖമറുദ്ദീനെ ലീഗ് സംസ്ഥാന നേതൃത്വം രക്ഷിക്കുകയാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. പാർട്ടിയെ നാണം കെടുത്തിയ വിഷയത്തിൽ ലീഗ് സംസ്ഥാനക്കമ്മിറ്റി പുലർത്തുന്ന മൗനം അർത്ഥ ഗർഭമാണ്.

LatestDaily

Read Previous

കേരളത്തില്‍ നിന്നും ഖത്തറിലേക്ക് ആഗസ്റ്റ് മുതല്‍ വിമാന സര്‍വീസ്; ബുക്കിംഗ് ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സും ഇന്‍ഡിഗോയും

Read Next

ആലാമിപ്പള്ളി ബസ്്സ്റ്റാന്റ്: വാടകയിനത്തിൽ നഷ്ടമായത് ലക്ഷങ്ങൾ