മഹാമേള ജനങ്ങളെ വെല്ലുവിളിക്കുന്നു

മൂന്ന് കേസ്സുകൾ എടുത്തിട്ടും മേളക്കാർക്ക് കൂസലില്ല

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിൽ കോവിഡ് കാലത്ത് ടെന്റ് കെട്ടി ആരംഭിച്ച മഹാമേള ലാഭക്കച്ചവടക്കാർ പോലീസിനെയും, ജനങ്ങളേയും ഒരുപോലെ വെല്ലുവിളിക്കുന്നു.

ലോക്ഡൗൺ പിൻവലിച്ചതുമുതൽ സ്ഥലത്ത് സർക്കസ് കൂടാരത്തിന്റെ വലിപ്പത്തിൽ തുണികൊണ്ട് ടെന്റ് കെട്ടി ആരംഭിച്ച ലാഭം മഹാമേളയിൽ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുമെന്ന് തെറ്റിദ്ധരിച്ചാണ് ഉപഭോക്താക്കൾ കയറുന്നത്. ഈ മഹാമേളയിൽ നിന്ന് വാങ്ങുന്ന വീട്ടുപകരണങ്ങൾ ഒന്നിനും ബില്ലുകൾ പോലും നൽകുന്നില്ല. വിൽക്കുന്ന സാധനസാമഗ്രികൾക്കാകട്ടെ യാതൊരു ഉറപ്പുമില്ല. ലാഭം മേളയിൽ കയറിയവർ സാമൂഹിക അകലം പാലിക്കാത്തതിന് 3 കേസ്സുകൾ ഹൊസ്ദുർഗ് പോലീസ് ഇതിനകം റജിസ്റ്റർ ചെയ്തിട്ടും, ലാഭം മഹാമേളയിൽ കുംഭമേളയെക്കാൾ ഇടപാടുകാരെ ഒരേസമയം കയറ്റിയാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് ഭീതി വർദ്ധിച്ചുവരുമ്പോഴും, ഇത്തരമൊരു ലാഭം മേളയ്ക്ക് പൊതു സ്ഥലത്ത് ടെന്റടിച്ച് ആളെക്കൂട്ടി കച്ചവടം നടത്താൻ നഗരസഭ അനുമതി നൽകിയതിന് പിന്നിലും കാര്യമായ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. കോവിഡ് നിയമങ്ങൾ പാടെ ലംഘിച്ചുകൊണ്ടാണ് കാഞ്ഞങ്ങാട് നഗരസഭ ഈ ലാഭം മേള വ്യാപാരത്തിന് അനുമതി നൽകിയത്. അതിനാൽ മേളയ്ക്ക് അനുമതി നൽകിയ നഗരസഭാ അധികൃതരുടെ പേരിൽ എപ്പിഡെമിക് കുറ്റം ചുമത്തി കേസ്സെടുക്കാൻ പോലീസ് ആലോചിച്ചുവരികയാണ്.

LatestDaily

Read Previous

യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ആറംഗ സംഘം

Read Next

കേരളത്തില്‍ നിന്നും ഖത്തറിലേക്ക് ആഗസ്റ്റ് മുതല്‍ വിമാന സര്‍വീസ്; ബുക്കിംഗ് ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സും ഇന്‍ഡിഗോയും