ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ഫാഷൻ ഗോൾഡ് തട്ടിയെടുത്ത കാടങ്കോട് മുസ്ലീം ജമാഅത്തിന്റെ 20 ലക്ഷം രൂപയും വഖഫ് സ്വത്തിൽ ഉൾപ്പെടും. ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസികളിൽ നിന്ന് സംഭാവനയായി സ്വീകരിച്ച പണമാണ് ഫാഷൻഗോൾഡിൽ പലിശയ്ക്ക് നിക്ഷേപിച്ച 20 ലക്ഷം രൂപ. കാടങ്കോട് മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള മദ്രസ്സ നടത്തിപ്പിനും, പള്ളി മുക്രിക്കും, മദ്രസ്സ അധ്യാപകർക്കും മറ്റും പ്രതിമാസ ശമ്പളം നൽകുന്നതിനും മറ്റുമായി പ്രവാസികളിൽ നിന്ന് സംഭാവനയായി സ്വീകരിച്ച പണമാണ് ഫാഷൻ ഗോൾഡ് തട്ടിയെടുത്തത് എന്നതിനാൽ, ഈ 20 ലക്ഷം രൂപയും വഖഫ് പണത്തിന്റെ പട്ടികയിൽ വരും. വഖഫ് സ്വത്തുക്കളും, പണവും വിൽക്കുകയും, കൈമാറുകയും ചെയ്യുന്നത് കുറ്റകരമാണ്.
കാടങ്കോട് മുസ്ലീം ജമാഅത്ത് വഖഫ് പണം 20 ലക്ഷം രൂപ ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ, ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾക്കും, ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീൻ എംഎൽഏയ്ക്കും നൽകുമ്പോൾ, പൂക്കോയ തങ്ങൾ കാടങ്കോട് മുസ്ലീം ജമാഅത്ത് ഉൾപ്പെടുന്ന തൃക്കരിപ്പൂർ മുസ്ലീം ജമാഅത്തിന്റെ പ്രസിഡണ്ടായിരുന്നു.
ഒരു വേള പ്രവാസികളിൽ നിന്ന് സ്വീകരിച്ച 20 ലക്ഷം രൂപ മുടക്കി കാടങ്കോട് മുസ്ലീം ജമാഅത്ത് നാട്ടിൽ ഭൂമിയോ, കെട്ടിടമോ വാങ്ങിയിരുന്നെങ്കിൽ, ആ ഭൂമിയും കെട്ടിടവും ഉറപ്പായും, വഖഫ് സ്വത്തായി മാറുകയും ചെയ്യും.
ഫാഷൻഗോൾഡ് ചെയർമാൻ ഖമറുദ്ദീൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ജില്ലാ ജനറൽ സിക്രട്ടറിയായിരുന്ന കാലത്താണ് ഫാഷൻ ഗോൾഡിന്റെ മറ പിടിച്ച് നിക്ഷേപമായി പണവും സ്വർണ്ണവും പലരിൽ നിന്നും കൈക്കലാക്കിയത്.
ഇതുകൊണ്ടു തന്നെ കേരളം കണ്ടതിൽ ഏറ്റവും വലിയ രാഷ്ട്രീയ തട്ടിപ്പാണ് ഫാഷൻ ഗോൾഡ് നടത്തിയത്.
ഫാഷൻഗോൾഡിന്റെ മാനേജിംഗ് ഡയറക്ടറായ തായിലക്കണ്ടി പൂക്കോയ തങ്ങൾ ഇടപാടുകാരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോൾ തൃക്കരിപ്പൂർ മുസ്ലീം ജമാഅത്തിന്റെ പ്രസിഡണ്ടായിരുന്നതിനാൽ, കേരളം കണ്ട ഏറ്റവും വലിയ ആത്മീയ തട്ടിപ്പാണ് ഫാഷൻഗോൾഡ് സ്ഥാപനം നടത്തിയിട്ടുള്ളത്.
3 കോടി രൂപ വരെ ഫാഷൻ ഗോൾഡിൽ വെള്ളപ്പണം നിക്ഷേപിച്ചവർ ജില്ലയിൽ ധാരാളമുണ്ട്.
ഇവർക്കെല്ലാം പോയ ഒന്നര വർഷം മുമ്പു വരെ ലക്ഷം രൂപയ്ക്ക് പ്രതിമാസം 1200 രൂപ തോതിൽ പലിശ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ, തീർത്തും അനിസ്ലാമികമായ രീതിയിലാണ് ഫാഷൻഗോൾഡ് ജ്വല്ലറി നിക്ഷേപകരിൽ നിന്ന് കോടികൾ കൈപ്പറ്റിയിട്ടുള്ളത്.
പണം പലിശയ്ക്ക് നൽകൽ തീർത്തും അനിസ്ലാമികമാണ്. പലിശപ്പണം സ്വീകരിക്കലും അനിസ്ലാമികം തന്നെയാണ്. ഇവ രണ്ടും ഫാഷൻ ഗോൾഡിന്റെ നിക്ഷേപത്തട്ടിപ്പിൽ അരങ്ങേറിയിട്ടുണ്ട്.
ഫാഷൻഗോൾഡിൽ പൊന്നും പണവും നിക്ഷേപിച്ച എത്രയോ മുസ്ലീം സ്ത്രീകൾ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാതെ കണ്ണീരിൽ കഴിയുകയാണ്. പെൺമക്കളുടെ വിവാഹ ആവശ്യത്തിന് കരുതലായി ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച സ്ത്രീകൾ പോലും, ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും നിത്യവും ശപിച്ചു കഴിയുകയാണ്.