കാഞ്ഞങ്ങാട് നഗരത്തിൽ തെരുവ് വിളക്കുകൾ മിക്കതും കത്തുന്നില്ല; ഹൈമാസ്റ്റുകളും കണ്ണടച്ചു

കാഞ്ഞങ്ങാട്:  നോർത്ത്  കോട്ടച്ചേരി ഇഖ്ബാൽ റോഡ് ജംഗ്ഷൻ മുതൽ പുതിയകോട്ട സ്മൃതിമണ്ഡപം വരെ നാല് വരിപ്പാതയുടെ മധ്യത്തിലായി സ്ഥാപിച്ച സോളാർ വിളക്കുകൾ മഹാഭൂരിപക്ഷവും കത്താതായി.

വലിയ പ്രതീക്ഷയോടെ കെട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളിലും പലതും കണ്ണടച്ച മട്ടാണ്. രാത്രിയായാൽ നഗരവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്നു തെരുവ് വിളക്കുകൾ. ലോക്ക്ഡൗൺ കാലത്ത് കടകൾ രാത്രി കാലത്ത് അടച്ചിടുമ്പോഴും, തെരുവ് വിളക്കുകൾ വലിയ ആശ്വാസമാണ്.

ഇവയിൽ പലതും കണ്ണടച്ചിട്ട് മാസങ്ങളായി. റോഡ് പണിത കരാറുകാർ തന്നെയാണ് തെരുവ് വിളക്കുകളും സ്ഥാപിച്ചത്. ഇവയുെട സാങ്കേതിക തകരാറുകൾ ആദ്യഘട്ടത്തിൽ കരാറുകാർ തന്നെ ശരിയാക്കിയിരുന്നുവെങ്കിലും, ഇപ്പോൾ അവരാരും തിരിഞ്ഞ് നോക്കുന്നില്ല. കാഞ്ഞങ്ങാടിന്റെ എംഎൽഏ ആയ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് പണം ചിലവഴിച്ചാണ് നിയോജക മണ്ഡലത്തിന്റെ  പ്രധാനഭാഗങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്.

ഇതിൽപ്പെട്ടതാണ് ഇഖ്ബാൽ റോഡ് ജംഗ്ഷനിലും കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിലും പുതിയകോട്ടയിലുമുള്ള ഹൈമാസ്റ്റുകൾ. ഇവയും പൂർണ്ണമായും കത്തുന്നില്ല. ട്രാഫിക്ക് സർക്കിളുകളിൽ പ്രഭ ചൊരിഞ്ഞ ഹൈമാസ്റ്റുകൾ കത്താതായതോടെ രാത്രികാലം നഗരത്തിൽ ഇരുണ്ട അന്തരീക്ഷമാണുള്ളത്. സോളാർ വിളക്കുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലമാണ്  അവ കണ്ണടച്ചത്.

ഇതിനെല്ലാം പുറമെയാണ് ട്രാഫിക്ക് ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക്ക് സിഗ്നലിന്റെ അവസ്ഥ. സിഗ്നൽ ആദ്യകാലത്ത് വലിയ പ്രതീക്ഷ നൽകിയെങ്കിലും, ഉടൻ തന്നെ അത് പ്രവർത്തനരഹിതമായി. ഒരു തവണ തകരാറ് ശരിയാക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ഫലമുണ്ടായില്ല. ഇപ്പോൾ പൂർണ്ണമായും നോക്കുകുത്തിയായി മാറി.

LatestDaily

Read Previous

വഖഫ് ഭൂമി കൈമാറ്റത്തിന് പിന്നിൽ മാഫിയാ രാഷ്ട്രീയമെന്ന് സിപിഎം

Read Next

ഹോപ്പ്: പോലീസിന് നൂറിൽ നൂറ്, 23 കുട്ടികൾ പത്താം തരം പാസ്സായി