പ്രവാസിയെ മതത്തിന്റെ പേരിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ഇറക്കിവിട്ടു

ഉദുമ: ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രവാസിക്ക് മതത്തിന്റെ പേരിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചു.

ഉദുമ പഞ്ചായത്ത് സ്വദേശിയായ ഷാജു കണ്ണൻ എന്നയാൾക്കാണ് ഉദുമ പടിഞ്ഞാറിലെ ജെംസ്  സ്കൂളിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചത്.

ജൂലൈ 3-നാണ് ഷാജു വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിയത്. വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ഇദ്ദേഹത്തിന്റെ വീടിന് സമീപത്തുള്ള ജെംസ് സ്കൂളിലെ  ക്വാറന്റൈൻ കേന്ദ്രത്തിൽ  താമസ സൗകര്യമൊരുക്കണമെന്ന് ഇദ്ദേഹം വാർഡ് മെമ്പറായ പ്രഭാകരനെ  വിളിച്ച് അഭ്യർത്ഥിച്ചിരുന്നു.

ഷാജു ക്വാറന്റൈൻ  കേന്ദ്രത്തിലെത്തിയപ്പോഴാണ് അവിടെ മറ്റ് മതസ്ഥരെ താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ക്വാറന്റൈൻ കേന്ദ്രത്തിലുണ്ടായിരുന്നവർ അറിയിച്ചത്.

ഇതേത്തുടർന്ന് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവരും കൈമലർത്തുകയായിരുന്നു.

അന്യമതസ്ഥരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ സ്കൂൾ അനുവദിക്കില്ലെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചിരുന്നതായാണ് ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ പറഞ്ഞത്. 3 മണിക്കൂറോളം കാത്തു നിന്നിട്ടും ഫലമില്ലാതെ വന്നതോടെ ഷാജു ചെർക്കളയിലെ ഭാര്യാ ഗൃഹത്തിലേക്ക് പേയി.

ഉദുമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ പാക്യാര, ഒന്നാം വാർഡായ ബേവൂരി, പടിഞ്ഞാർ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ ക്വാറന്റൈനിൽ താമസിപ്പിക്കാനാണ് ജെംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തെരഞ്ഞെടുത്തത്.

കോവിഡ് ജാഗ്രതാ സമിതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെ ക്വാറന്റൈൻ കേന്ദമായി കണ്ടെത്തിയത്.

മഹല്ല് നിവാസികളെ മാത്രമേ ഇവിടെ താമസിപ്പിക്കാൻ പറ്റു എന്നതാണ്സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിലപാട്. ക്വാറന്റൈൻ സൗകര്യം സൗകര്യം നിഷേധിച്ചതിനെതിരെ ഷാജു കണ്ണൻ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലയെ നാണക്കേടിലാക്കിയ തരത്തിൽ പ്രവാസിയോട് മതവിവേചനം കാണിച്ച സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഉദുമ പഞ്ചായത്തിലെ ക്വാറന്റൈൻ സൗകര്യങ്ങളെക്കുറിച്ചുള്ള പരാതികൾ ബലപ്പെടുത്തുന്ന തരത്തിലാണ് മതത്തിന്റെ പേരിൽ പ്രവാസിയെ ഇറക്കിവിട്ട സംഭവം കൂടി പുറത്തു വന്നിരിക്കുന്നത്.

LatestDaily

Read Previous

ലക്ഷങ്ങൾ തട്ടിയെടുത്ത ബേക്കൽ സ്വദേശി കുവൈറ്റിൽ നിന്നും മുങ്ങി

Read Next

ആൾക്കൂട്ട നിയന്ത്രണം: കർശ്ശന നടപടിയുമായി പോലീസ്