ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ കണ്ടെയിനറുകൾ ‘ഡ്രൈവ് ത്രൂ’ സംവിധാനം വഴി സ്കാൻ ചെയ്യുമ്പോൾ, ഡ്രൈവർമാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുവെന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കറ്റ് കമ്മീഷണറെ ഹൈക്കോടതി നിയമിച്ചു.
തൃശ്ശൂരിലെ ഡയറക്ടറേറ്റ് ഓഫ് റേഡിയേഷൻ സേഫ്റ്റിയിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ അഡ്വക്കറ്റ് കമ്മിഷണർ പരിശോധന നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിട്ടു.
അഡ്വ. ബിജി ഏ. മാണിക്കോത്താണ് അഡ്വക്കറ്റ് കമ്മീഷണർ. ദുബായ് പോർട്ട് ട്രസ്റ്റ്, ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ അധികൃതർ പരിശോധനയുമായി സഹകരിക്കണമെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നുംഹൈക്കോടതി ഉത്തരവിലുണ്ട്. ‘ഡ്രൈവ് ത്രൂ മോഡ്’ സ്കാനറിലൂടെ കണ്ടെയ്നർ ട്രക്കുകൾ സ്കാനിങ്ങിന് വിധേയമാക്കുമ്പോൾ കാബിനിൽ ഇരിക്കുന്ന ഡ്രൈവർമാർക്ക് റേഡിയേഷൻ ഏൽക്കാൻ സാധ്യതയുണ്ടെന്നാണ് യുണൈറ്റഡ് കണ്ടെയ്നർ ട്രക്ക് ഡ്രൈവേഴ്സ് അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ആണവോർജ നിയന്ത്രണ ബോർഡിന്റെ (എഇആർബി) ഉൾപ്പെടെയുള്ളവരുടെ അനുമതി വാങ്ങിയതിന് ശേഷമാണ് സ്കാൻ സംവിധാനം സ്ഥാപിച്ചതെന്ന് കണ്ടെയ്നർ പോർട്ടും വ്യക്തമാക്കിയിരുന്നു. ഹർജി ഈ മാസം 23-ന് വീണ്ടും പരിഗണിക്കും.