പെരുന്നാൾ തിരക്കിൽ നഗരം വീർപ്പ് മുട്ടി

കാഞ്ഞങ്ങാട് : അണമുറിയാതെ കോരിച്ചൊരിഞ്ഞ കനത്ത മഴയിലും  നഗരത്തിൽ ബലിപെരുന്നാൾ വിപണി സജീവം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മഴയെ കൂസാതെ വിപണിയിലെത്തിയവരെ കാഞ്ഞങ്ങാട് നഗരത്തിന്റെ സിരാകേന്ദ്രമായ കോട്ടച്ചേരി പട്ടണം വീർപ്പ് മുട്ടുമ്പോൾ അശാസ്ത്രിയമായ ഗതാഗത നിയന്ത്രണങ്ങൾ മൂലം ജനങ്ങളും വാഹനങ്ങളും വലയുകയായിരുന്നു.

മുന്നറിയിപ്പില്ലാതെ ഇന്നലെ വൈകിട്ട് നാലിന് ശേഷം കോട്ടച്ചേരി ട്രാഫിക് സർക്കിൾ വഴി റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡ് പോലീസ് അടച്ചിട്ടു. തെക്കോട്ടും വടക്കോട്ടും ഒന്നിലധികം ട്രെയിനുകളുള്ള  സമയമായതിനാൽ വണ്ടി പിടിക്കാൻ റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട നിരവധി യാത്രക്കാരാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്.

മാവുങ്കാൽ റോഡ് വഴി എത്തുന്ന വാഹനങ്ങൾ പുതിയകോട്ട സ്മൃതിമണ്ഡപം ജംഗ്ഷൻ ചുറ്റി റെയിൽവെ സ്റ്റേഷനിലെത്താനായിരുന്നു പോലീസ് നിർദ്ദേശം. ഗതാഗത തടസം ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകർ വിഷയം പോലീസ് അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയപ്പോൾ ആരുടെ നിർദ്ദേശത്തിലാണ് റെഃസ്റ്റേഷൻ റോഡ് ബ്ലോക്ക് ചെയ്തതെന്ന് ആർക്കും അറിയില്ലായിരുന്നു.

തുടർന്ന് ഉയർന്ന പോലീസുദ്യോഗസ്ഥർ ഇടപെട്ടാണ് ബ്ലോക്ക് ചെയ്ത റോഡ് തുറന്ന് കൊടുക്കാൻ നിർദ്ദേശിച്ചത്. ഇന്നലെ രാത്രി ഒമ്പത് വരെ നഗരത്തിൽ പെരുന്നാൾ തിരക്കിന്റെ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. നാളെ ബലിപെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ നഗരത്തിൽ ഇന്നും നല്ല തിരക്കുണ്ട്.

LatestDaily

Read Previous

പള്ളിക്കര തിരഞ്ഞെടുപ്പ് 21 ന് 

Read Next

എകെജി സെന്റർ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി