കാടങ്കോട് ജമാഅത്ത് ഫാഷൻ ഗോൾഡിൽ മുടക്കിയത് 20 ലക്ഷം

പണം തിരിച്ചു നൽകിയ വണ്ടിച്ചെക്ക് ബാങ്കിൽ നിന്ന് മടങ്ങി

ചെറുവത്തൂർ: നിക്ഷേപകരിൽ നിന്ന് നൂറു കോടി  രൂപ  തട്ടിയെടുത്ത ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ കാടങ്കോട് മുസ്്ലീം ജമാ അത്ത് കമ്മിറ്റി മുടക്കിയത് 20 ലക്ഷം രൂപ.

2014-ലാണ് കാടങ്കോട് ജമാഅത്ത് 20 ലക്ഷം രൂപ റൊക്കം പണം ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയരക്ടർ ടി.കെ.  പൂക്കോയ തങ്ങളെയും ചെയർമാൻ എം.സി ഖമറുദ്ദീനെയും ഏൽപ്പിച്ചത്.

കാടങ്കോട് മുസ്്ലീം ജമാഅത്ത് ഭാരവാഹികൾ ഗൾഫ് നാടുകൾ സന്ദർശിച്ച് ജമാഅത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തദ്ദേശീയരായ പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത പണമാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചിരുന്നത്.

ഒരു ലക്ഷം രൂപയ്ക്ക്  പ്രതിമാസം 1200 രൂപ ലാഭ വിഹിതം എന്ന ഓമനപ്പേരിൽ ജ്വല്ലറിയുടമകൾ പലിശ  വാഗ്ദാനം ചെയ്തിരുന്നതിനാലാണ് 20 ലക്ഷം രൂപ, ജമാഅത്ത് കമ്മിറ്റി തീരുമാനത്തെ തുടർന്ന് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്.

20 ലക്ഷം രൂപയുടെ പലിശ പ്രതിമാസം 24000 രൂപ വീതം 8 മാസം വരെ ജ്വല്ലറി ജമാഅത്ത് കമ്മിറ്റിക്ക് മുടങ്ങാതെ നൽകിയിരുന്നുവെങ്കിലും, ഇപ്പോൾ ഒന്നര വർഷക്കാലമായി ഒരു ചില്ലിക്കാശു പോലും ഫാഷൻ ഗോൾഡ് ഉടമകൾ കാടങ്കോട് ജമാഅത്ത് കമ്മിറ്റിക്ക് നൽകുന്നില്ല.

ലാഭ വിഹിതം അക്കൗണ്ടിൽ വരാത്തതിനാൽ ജമാഅത്ത് കമ്മിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടപ്പോൾ, നിലവിലുള്ള  പ്രസിഡന്റ് വി. പി. മുസ്തഫയും  മുൻ പ്രസിഡന്റ് ഹുസൈൻ ഹാജിയും മറ്റും ജ്വല്ലറി മാനേജിംഗ് ഡയരക്ടർ ചന്തേരയിലെ പൂക്കോയ തങ്ങളുടെ വീട്ടിലെത്തി 20 ലക്ഷം രൂപ തിരിച്ചു തരണമെന്നാവശ്യപ്പെട്ടപ്പോൾ, ജ്വല്ലറി ചെയർമാൻ  എം സി ഖമറുദ്ധീനോട് പണം ചോദിക്കാനാണ് പൂക്കോയ തങ്ങൾ നിർദ്ദേശിച്ചത്.

ഖമറുദ്ദീനെ ഫോണിൽ വിളിച്ചപ്പോൾ പണം പൂക്കോയ തങ്ങളുടെ കൈയ്യിലാണെന്ന്  അദ്ദേഹവും പറഞ്ഞൊഴിയുകയായിരുന്നു ഒടുവിൽ പണം തന്നില്ലെങ്കിൽ വീടിന് മുന്നിൽ കുത്തിയിരിക്കുമെന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ തീർത്തു പറഞ്ഞപ്പോൾ, ഗത്യന്തരമില്ലാതെ പൂക്കോയ തങ്ങൾ സ്വന്തം  പേരിൽ 10 ലക്ഷം  രൂപ വീതമുള്ള രണ്ട് ചെക്കുകൾ കാടങ്കോട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്ക് നൽകി.

ഇതിൽ ഒരു ചെക്ക് 2020 ജനുവരി 30- ന് മറ്റൊന്ന് ഫിബ്രവരി 29-ന് തീയ്യതി രേഖപ്പെടുത്തിയതായിരുന്നു.

കാഞ്ഞങ്ങാട് എച്ച് ഡി എഫ് സി  ബാങ്കിന്റെ ഈ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലെന്ന് കാരണത്താൽ അന്നു തന്നെ മടങ്ങുകയും ചെയ്തു.

ചെക്കുകൾ മടങ്ങിയപ്പോൾ, പൂക്കോയ തങ്ങളുടെ പേരിൽ വിശ്വാസവഞ്ചനയ്ക്ക് കേസ്സ് കൊടുക്കാൻ നല്ലൊരു വിഭാഗം ജമാഅത്ത് കമ്മിറ്റയംഗങ്ങളും ഭാരവാഹികളിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ, നിലവിലുള്ള ജമാഅത്ത് പ്രസിഡന്റ് വി.പി. മുസ്തഫയും, 20 ലക്ഷം ഫാഷൻ ഗോൾഡിന് കൊടുക്കുമ്പോൾ, ജമാഅത്ത് പ്രസിഡന്റായിരുന്ന കാവുഞ്ഞി ഹാജിയും താൽപ്പര്യമെടുത്തില്ല. 

കാവുഞ്ഞി ഹാജി ഇപ്പോൾ ജമാഅത്തിന്റെ ഉപദേശക സമിതിയംഗമാണ്. ഇരു ചെക്കുകളും ആറു മാസത്തെ കാലാവധി കഴിഞ്ഞതിനാൽ ഇനി കേസ്സുമായി കോടതിയെ സമീപിക്കാനുള്ള വഴികളും അടഞ്ഞു കിടക്കുകയാണ്.

LatestDaily

Read Previous

സിനിമാമോഡൽ വധശ്രമം; മുഖ്യപ്രതി താജു കൊച്ചിയിൽ കുടുങ്ങി

Read Next

ആ ഐഫോൺ തുറക്കാതിരിക്കാൻ പോലീസ് കിണഞ്ഞു ശ്രമിച്ചു