സച്ചിയെ ഓർക്കുമ്പോൾ

ദൃശ്യാവിഷ്ക്കരണ കലയിൽ മുൻപരിചയമില്ലാത്തവർപോലും, അന്യഥാ ബോധത്തോടെ അരങ്ങ് തകർക്കുമ്പോൾ , വിരലിലെണ്ണാവുന്ന ഏതാനും ചിത്രങ്ങൾ കൊണ്ട് മാത്രം മലയാള സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സച്ചിദാനന്ദൻ എന്ന സച്ചിയുടെ അകാല വിയോഗം ഒരു കനത്ത നഷ്ടം തന്നെയായി ഗണിക്കപ്പെടുന്നു.

അരവിന്ദന്റെയും, ഭരതന്റെയും, പത്മരാജന്റെയും, ലോഹിതദാസിന്റെയും ഒക്കെ ശ്രേണിയിൽപ്പെട്ട ഒരാൾ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്.

അതിലല്ലാമുപരി, താരരാജാക്കൻമാർ അടക്കി വാഴുന്ന താര സംഘടനയോടും തലക്കനം കൈമുതലാക്കിയ താരരാജാക്കൻമാരോടും സമദൂര സിദ്ധാന്തം പ്രഖ്യാപിച്ച് ആ കോക്കസിലൊന്നും പെടാതെ തന്റെ സ്വതസിദ്ധമായ രചനാ വൈഭവവും, അവതരണ മഹിമയും കൊണ്ട് മാത്രം വളരെ ചുരുങ്ങിയ സമയത്തോടെ മുഖ്യധാര സിനിമാ സംവിധായക നിരയിൽ പ്രാഗത്ഭ്യം തെളിയിച്ചു എന്നതും ഓർത്തെടുക്കേണ്ടതായിട്ടുണ്ട്.

തട്ടുപൊളിപ്പൻ സിനിമകളോ, പഞ്ച് ഡയലോഗുകളോ, കൃത്രിമമായ അതിമാനുഷ പ്രകടനങ്ങളോ ഇല്ലാതെ തന്നെ സിനിമാ പ്രേമികളെ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള പ്രേക്ഷക നപുംസകങ്ങളാകാതെ യാഥാർത്ഥ്യ ബോധത്തോടെ സമീപിച്ചതുവഴി കൈവന്ന സ്വീകാര്യത ഏരെ പ്രശംസയർഹിക്കുന്നു.

മിതമായ കാലയളവിനുള്ളിൽ തന്നെ സച്ചി മലയാള ചലച്ചിത്ര ലോകത്തിന്റെ ചില്ലുജാലകം തുറന്ന്, അതിലെ അചഞ്ചലമായൊരു ചാലകശക്തിയായി മാറിയെന്നുള്ളതും സ്മരണയിൽ നിറഞ്ഞു നുൽക്കുന്നുണ്ട്.

കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ. ഏറെ പുതുമകൾ ആവകാശപ്പെടാവുന്ന ഒരു പിടി നല്ല സിനിമകൾ മലയാളക്കരയ്ക്ക് കിട്ടുമായിരുന്നു.

അകാലത്തിൽ പൊലിഞ്ഞുപോയ മികവുറ്റ ഈ കലാകാരന്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾക്ക് മുമ്പിൽ ദീപ്തസ്മരണകൾ.

വി.ജി. പുഷ്ക്കിൻ

വട്ടിയൂർക്കാവ്

തിരുവനന്തപുരം

LatestDaily

Read Previous

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ സജീവമാവും

Read Next

സിനിമാമോഡൽ വധശ്രമം; മുഖ്യപ്രതി താജു കൊച്ചിയിൽ കുടുങ്ങി