ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തുടർച്ചയായി ഒൻപതാം ദിവസവും ശക്തമായ മഴയാണ് കാസർകോട് ജില്ലയിൽ തുടരുന്നത്. കനത്ത മഴയെ തുടർന്ന്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ആന്ധ്രാ – ഒഡിഷ തീരത്തിനു മുകളിൽ ഒരു ചക്രവാതചുഴിയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
കേരളത്തിൽ ഞായറാഴ്ച വരെ ശക്തി കൂടിയും കുറഞ്ഞും വ്യാപകമായ മഴ തുടരാനാണ് സാധ്യത. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത നിലനിൽക്കുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ വരും ദിവസങ്ങളിലും തുടരാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ മുന്നോട്ട് വെയ്ക്കുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെയും അജാനൂർ പഞ്ചായത്തിന്റെയും തീരദേശ മേഖലകളും കിഴക്ക് താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏതു സമയത്തും വെള്ളം കയറാമെന്ന അവസ്ഥയിലാണ് വീട്ടുകാർ. ചില സ്ഥലങ്ങളിലെ വീടുകളിൽ വ്യാഴാഴ്ച വൈകീട്ടോടെ വെള്ളം കയറി തുടങ്ങി.
കാഞ്ഞങ്ങാട് നഗരസഭയിലെ 19, 26, 17 വാർഡുകളിലാണ് ഭീഷണി. കാഞ്ഞങ്ങാട് സൗത്ത് കിഴക്ക പനങ്കാവിലെ 15ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് ജനപ്രതിനിധികൾ, അഗ്നിരക്ഷാപ്രവർത്തകർ മുതലായവർ സ്ഥലത്തെത്തി സുരക്ഷ വിലയിരുത്തി. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് സ്കൂളുകളും ഓഡിറ്റോറിയമുൾപ്പെടെ സജ്ജമാക്കി. സൗത്ത്, കൊവ്വൽസ്റ്റോർ, മുത്തപ്പനാർകാവ്, അലാമിപ്പള്ളി കല്ലംചിറ, കല്ലൂരാവി ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. അരയി പുഴ കരകവിഞ്ഞു. ഈ പ്രദേശത്തുള്ളവരും ഭീഷണിയിലാണ്.
ആലയി കുറ്റിക്കാൽ പാലം വെള്ളത്തിൽ മുങ്ങി. അജാനൂർ പഞ്ചായത്തിൽ കൊളവയൽ, ഇട്ടമ്മൽ, ഇഖ്ബാൽ ജങ്ഷൻ ഉൾപ്പെടെ പല ഭാഗങ്ങളിലും വെള്ളം കയറി. നിരവധി വീടുകളിൽ വെള്ളത്തിനടിയിലാണ്. കാഞ്ഞങ്ങാട് നഗരത്തിൽ പലയിടത്തും മുട്ടറ്റം വെള്ളം കെട്ടിനിന്നതോടെ വഴിയാത്രക്കാരും വ്യാപാരികളും വാഹനയാത്രക്കാരും ദുരിതത്തിലാണ്. പഴയ ബസ് സ്റ്റാൻഡിനു മുൻവശം റോഡിൽ വ്യാഴാഴ്ച വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകളിലേക്ക് വെള്ളമൊഴുകി പോകാത്തതാണ് കാരണം.
ബസ് സ്റ്റാൻഡിനു മുൻവശം ഉച്ചക്ക് വഴിയാത്രക്കാരി വെള്ളക്കെട്ടിൽ മൂക്കുകുത്തി വീണു. ബസ് സ്റ്റാൻഡിന് തെക്ക് -വടക്ക് ഭാഗങ്ങളിലുള്ള ഓട്ടോസ്റ്റാൻഡുകൾ വെള്ളത്തിലായി. സർവ്വീസ് റോഡും പ്രധാന റോഡും പലേടത്തും വെള്ളത്തിലാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കി.