ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പരിക്കേറ്റ യുവാവിന്റെ മുടി മൊത്തം മുറിക്കാൻ നഴ്സിനോട് ആവശ്യപ്പെട്ടു
അജാനൂർ: തലയ്ക്കടിയേറ്റ് പാതിരാത്രി മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജാനൂർ കടപ്പുറം യുവാവിന്റെ മുടി മൊത്തം ഷേവു ചെയ്തുകളയാൻ ചിലർ നഴ്സിനോട് ആവശ്യപ്പെട്ട സംഭവം, ജൂൺ 30-ന് പാതിരാത്രി ആശുപത്രിയിൽ സംഘർഷമുണ്ടാക്കി.
അജാനൂർ കടപ്പുറത്തെ ഇരുപത്തിയൊന്നുകാരനെ രാത്രി 11 മണിക്കാണ് ഏഴംഗ സംഘം പതിയിരുന്നാക്രമിച്ചത്.
ചോരയൊലിപ്പിച്ച നിലയിലാണ് യുവാവിനെ ഏതാനും പേർ ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടി ഡോക്ടർ യുവാവിനെ പരിശോധിച്ചപ്പോൾ, തലയിൽ മുറിവുണ്ടായിരുന്നു.
മുറിവു തുന്നിക്കെട്ടാൻ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാർ കത്രിക കൊണ്ട് മുറിവു പറ്റിയ ഭാഗത്തെ മുടി വെട്ടിമാറ്റുകയും, പിന്നീട് മുറിവിന് ചുറ്റും ഷേവർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിൽ, യുവാവിനൊപ്പം കാഷ്വാലിറ്റിയിൽക്കയറിയ മറ്റു ചിലർ “അവന്റെ മുടി മൊത്തം ഷേവ് ചെയ്തുകളയുമോ” എന്ന് നഴ്സിനോട് ചോദിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിൽ പാതിരായ്ക്ക് ഇടിച്ചുകയറുകയും, ഡോക്ടറോടും നഴ്സുമാരോടും അനാവശ്യ ചോദ്യങ്ങളും, കമന്റുകളും ഉന്നയിക്കുകയും ചെയ്തവർ നല്ല ലഹരിയിലായിരുന്നു.
ഡ്യൂട്ടി ഡോക്ടർ ഇവരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടപ്പോൾ, ഇടിച്ചുകയറിയവർ ഡോക്ടറോടും കയർത്തു.
ഡോക്ടറും, നഴ്സുമാരും ഒരുപോലെ അപമാനിക്കപ്പെട്ടതിനെ തുടർന്ന് രോഗിക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകാൻ ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ചുവെങ്കിലും, പിന്നീട് തെറ്റ് സംഭവിച്ചുപോയെന്ന് യുവാവിനെ കൊണ്ടു വന്നവർ ക്ഷമായാചനം നടത്തിയതിനെ തുടർന്ന് പരിക്കേറ്റ യുവാവിനെ പുലർച്ചെ പന്ത്രണ്ടര മണിയോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് കാഞ്ഞങ്ങാട്ടെ ഒരു മാധ്യമ പ്രവർത്തകന്റെ ഇടപെടലിനെ തുടർന്നാണ്. ഡോക്ടറെയും നഴ്സുമാരെയും അപമാനിച്ചുവെന്നതിന് പോലീസിൽ പരാതി നൽകാൻ ആശുപത്രി അധികൃതർ ശ്രമിച്ചുവെങ്കിലും, ഈ ശ്രമവും മാധ്യമപ്രവർത്തകന്റെ ഇടപെടലിനെ തുടർന്ന് ആശുപത്രി വേണ്ടെന്നു വെച്ചു.
ലോക്ഡൗൺ കാലത്ത് രണ്ടര മാസക്കാലം നഗരത്തിൽ തൊട്ടതിലും വെച്ചതിലുമെല്ലാം മദ്യപാനികളുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിലും, ഇപ്പോൾ അത്യാഹിത ഘട്ടങ്ങളിൽപ്പോലും രാത്രിയിൽ പുറത്തിറങ്ങുന്നവരിൽ പലരും നല്ല മദ്യലഹരിയിലാണ്.
ഇതാകട്ടെ അത്യാസന്ന നിലയിൽ ആശുപത്രികളിലെത്തിപ്പെടുന്ന രോഗികളുടെ ജീവൻ കൈയ്യിലെടുത്തുകൊണ്ടുള്ള കളികളായി മാറുകയും ചെയ്യുന്നു.