കാളീദേവിയുടെ പോസ്റ്റർ; സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്

മധ്യപ്രദേശ്: സിനിമാ പോസ്റ്ററിൽ കാളി ദേവിയെ അപമാനിച്ചെന്ന പരാതിയിൽ സംവിധായക ലീന മണിമേഖലയ്ക്കെതിരെ മധ്യപ്രദേശ് പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. ലീന തന്‍റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സൈബർ ക്രൈം പോലീസ് ട്വിറ്റർ ലീഗൽ ഡിപ്പാർട്ട്മെന്‍റിൻ കത്തയച്ചു. പോസ്റ്റിനെതിരെ സെക്ഷൻ 295 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 36 മണിക്കൂറിനുള്ളിൽ ട്വീറ്റ് നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കാളി ദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്‍ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി എന്ന ചിത്രത്തിന്‍റെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്താൻ ശ്രമം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്.

തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ് ലീന മണിമേഖല. അവരുടെ പുതിയ ഡോക്യുമെന്‍ററിയുടെ പോസ്റ്ററിൽ, കാളി ദേവിയെപ്പോലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ പുകവലിക്കുന്നത് കാണാം. എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണാൻ കഴിയും. ഇത് വിവാദങ്ങൾക്ക് വഴിവച്ചു. കാളി ദേവിയെ അപമാനിച്ചെന്നാരോപിച്ച് മണിമേഖലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

K editor

Read Previous

പരുക്കിനെ തുടർന്ന് വിമ്പിൾഡനിൽ നിന്ന് പിന്മാറി നദാൽ

Read Next

വിംബിൾഡൻ വനിതാ സിംഗിൾസിൽ ഫൈനലിൽ ഓൺസ് ജാബർ– എലേന റൈബാകിന പോരാട്ടം