കാളി ദേവി വിവാദം; മൗനം വെടിഞ്ഞ് മമത

കൊല്‍ക്കത്ത: കാളിദേവി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. “ആർക്കും ഒരു തെറ്റ് സംഭവിക്കുമെന്നും, പക്ഷേ അത് തിരുത്താൻ കഴിയുമെന്നും,” ഒരു ചടങ്ങിൽ പങ്കെടുക്കവേ അവർ പറഞ്ഞു. ജോലി ചെയ്യുമ്പോൾ നമ്മൾ തെറ്റുകൾ വരുത്തും. എന്നാൽ അത് തിരുത്താനും കഴിയും. എല്ലാ നല്ല പ്രവൃത്തികളും കാണാതെ ചിലർ നിലവിളിക്കും. നിഷേധാത്മകമായ പെരുമാറ്റം നമ്മുടെ തലച്ചോറിനെ ബാധിക്കും. അതിനാൽ, നല്ലത് ചിന്തിക്കുകയാണ് വേണ്ടതെന്ന്,” ബാനർജി പറഞ്ഞു.

അതേസമയം, കാളി ദേവിയെക്കുറിച്ചുള്ള പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര പറഞ്ഞു. തങ്ങൾ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ അവർ ബിജെപിയെ വെല്ലുവിളിച്ചു. ഉത്തരേന്ത്യൻ ആശയങ്ങൾ തങ്ങളുടെ വിശ്വാസസങ്കൽപങ്ങൾക്ക് മുകളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തന്‍റെ സങ്കൽപ്പത്തിൽ കാളി മാംസം തിന്നുകയും മദ്യം കഴിക്കുകയും ചെയ്യുന്ന ഒരു ദേവതയാണ്. ഭക്തർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ദേവിയെ സങ്കൽപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഓരോ പ്രദേശത്തും കാളിയെ വ്യത്യസ്ത രീതിയിലാണ് ആരാധിക്കുന്നതെന്നും മെഹുവ മൊയ്ത്ര പറഞ്ഞു.

മധ്യപ്രദേശിലെ ഉജ്ജയിനിലെ കാല ഭൈരവ ക്ഷേത്രം, അസമിലെ കാമാക്യ ക്ഷേത്രം എന്നിവയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച്, തനിക്കെതിരെ കേസെടുക്കാൻ ഇരു സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളെ അവർ വെല്ലുവിളിച്ചു. വിവാദത്തിൽ ബിജെപി നേതാക്കൾ തനിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് മെഹുവ മൊയ്ത്രയുടെ പ്രസ്താവന.

K editor

Read Previous

വിധി 26 വര്‍ഷങ്ങള്‍ക്ക് ശേഷം; രാജ് ബബ്ബാറിന് രണ്ട് വര്‍ഷം തടവ്

Read Next

ഏഷ്യാ കപ്പ് ടി20 മത്സരംക്രമം പുറത്തു വന്നു; ഇന്ത്യ-പാക് മത്സരം ഓഗസ്റ്റ് 28ന്