“ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യന്‍ ധാര്‍മ്മികതയുടെ ഭാഗമായിരുന്നില്ല”

ദില്ലി: സങ്കുചിത ചിന്തയിൽ നിന്ന് വിദ്യാഭ്യാസത്തെ പുറത്തെത്തിക്കുകയും 21-ാം നൂറ്റാണ്ടിലെ ആധുനിക ആശയങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാന തത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷുകാർ സൃഷ്ടിച്ച വിദ്യാഭ്യാസ സമ്പ്രദായം ഒരിക്കലും ഇന്ത്യൻ ധാർമ്മികതയുടെ ഭാഗമായിരുന്നില്ല. നമ്മുടെ യുവാക്കൾ വൈദഗ്ധ്യമുള്ളവരും ആത്മവിശ്വാസമുള്ളവരും പ്രായോഗികരുമായിരിക്കണം, വിദ്യാഭ്യാസ നയം ഇതിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ബിരുദധാരികളായ യുവാക്കളെ സജ്ജരാക്കുക മാത്രമല്ല, രാജ്യത്തിന്‍റെ പുരോഗതിക്ക് ആവശ്യമായ മാനവ വിഭവശേഷി രാജ്യത്തിന് നൽകുകയും വേണം. നമ്മുടെ അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഈ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകേണ്ടത്. ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിന് ഒരു പുതിയ സംവിധാനവും ആധുനിക പ്രക്രിയകളും നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. “കൊറോണ വൈറസ് പകർച്ചവ്യാധിയിൽ നിന്ന് ഇന്ന് നാം വളരെ വേഗത്തിൽ സുഖം പ്രാപിക്കുന്നുവെന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളിലൊന്ന് കൂടിയാണ് ഇന്ത്യ. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റമാണ് നമ്മുടേത്”, പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് ഗവർൺമെന്‍റ് മാത്രം എല്ലാം ചെയ്തിരുന്ന ബഹിരാകാശ സാങ്കേതികവിദ്യ പോലുള്ള മേഖലകളിൽ ഇപ്പോൾ സ്വകാര്യ പങ്കാളികൾ വഴി യുവാക്കൾ ക്കായി ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

K editor

Read Previous

അരുണാചലില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി

Read Next

വിംബിള്‍ഡണ്‍; ചരിത്രം കുറിച്ച് ഓണ്‍സ് യാബിയര്‍ ഫൈനലില്‍