ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡിനെ തോൽപ്പിച്ച അലാമിപ്പള്ളിയിലെ വിദ്യാർത്ഥിനിക്ക് പത്താംക്ലാസ്സ് പരീക്ഷയിലും വിജയം.
കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പ്രവാസി കുഞ്ഞാമ്മദിന്റെ മകളും ദുർഗ്ഗ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുമായ ഫാത്തിമയാണ് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയത്തിനുടമയായത്.
മാർച്ച് 16-ന് ദുബായിൽ നിന്നെത്തിയ പിതാവ് കുഞ്ഞാമദിൽ നിന്നാണ് ഫാത്തിമയ്ക്ക് കോവിഡ് ബാധയുണ്ടായത്. രോഗബാധയുണ്ടായത് തിരിച്ചറിയാതെയാണ് ഫാത്തിമ എസ്എസ്്എൽസി പരീക്ഷയിൽ പങ്കെടുത്തത്. ബയോളജി പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ ഫാത്തിമയോടൊപ്പം പരീക്ഷാഹാളിലുണ്ടായിരുന്ന കുട്ടികളെയും, പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 25 ദിവസത്തെ ചികിൽസയ്ക്ക് ശേഷമാണ് കോവിഡിനെ അതിജീവിച്ച് ഫാത്തിമ വിജയശ്രീലാളിതയായി തിരിച്ചെത്തിയത്.
പരീക്ഷയെഴുതിയ 408 വിദ്യാർത്ഥികളും വിജയിച്ചതോടെ ദുർഗ്ഗ ഹയർസെക്കൻഡറി സ്കൂൾ എസ്എസ്എൽസിക്ക് നൂറ് ശതമാനം വിജയം നേടി.