ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലോക്കൽ വണ്ടികൾ ഇനിയുണ്ടാവില്ല
കാഞ്ഞങ്ങാട്: നാട്ടിലെ സാധാരണക്കാർ ഏറിയ പങ്കും ഉപയോഗിക്കുന്ന ലോക്കൽ വണ്ടികൾ എന്നറിയപ്പെടുന്ന പാസഞ്ചർ ട്രെയിനുകൾ ഇനിയുണ്ടാവില്ല.
ലോക്ക്ഡൗൺ കാലത്ത് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകൾ സമ്പൂർണ്ണമായി നിർത്തിവെക്കാനുള്ള നീക്കങ്ങാളാണ് ഉന്നത റെയിൽവെ വൃത്തങ്ങളിൽ നടക്കുന്നത്.
മറ്റ് ഏത് യാത്രാസംവിധാനത്തേക്കാളും കുറഞ്ഞ ചെലവിൽ സാധാരണ മനുഷ്യർക്ക് യാത്ര ചെയ്യാനുള്ള വണ്ടികൾ നിർത്തുന്നതോടെ സാധാരണക്കാരിൽ സാധാരണക്കാരായ പാവങ്ങൾക്ക് തീവണ്ടി യാത്ര എന്ന സൗകര്യം തന്നെ നിഷേധിക്കപ്പെടുകയാണ്.
ദിവസേന 200 കിലോമീറ്ററിലേറെ സർവ്വീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ അഥവാ ലോക്കൽ വണ്ടികൾ മെമു, ഡെമു വണ്ടികളും വേഗത കൂട്ടി എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റും.
വേഗം കൂടുമ്പോൾ സ്റ്റോപ്പുകൾ ഒഴിവാക്കിയായിരിക്കും പാസഞ്ചർ ട്രെയിനുകളെ
എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റുന്നത്. ഇതോടെ ഈ ട്രെയിനുകളിലെല്ലാം എക്സ്പ്രസ്സിന്റെ നിരക്കുകളായിരിക്കും നിലവിൽ വരിക.
മംഗളൂരു- കോഴിക്കോട്, കോയമ്പത്തൂർ- മംഗളൂരു തുടങ്ങിയ പാസഞ്ചറുകളായിരിക്കും ഇപ്രകാരം എക്സ്പ്രസ്സുകളായി മാറുന്നത്.
ഇരുന്നൂറ് കിലോമീറ്ററിൽ താഴെയുള്ള പാസഞ്ചർ ട്രെയിനുകളും ഇനി ഓടിക്കാൻ സാധ്യതയില്ല. പകരം മെമു, ഡെമുകൾ വരുമ്പോൾ അതിനും എക്സ്പ്രസ്സിന്റെ നിരക്കുകൾ തന്നെയായിരിക്കും.
കോവിഡ് പശ്ചാത്തലത്തിലുള്ള നടപടികൾ എന്ന നിലയിലായിരിക്കും തുടക്കത്തിൽ പാസഞ്ചറുകളെ എക്സ്പ്രസ്സാക്കുന്നതെങ്കിലും, തുടർന്നും ഇതേ രീതിയിൽ തന്നെ മാറ്റി ലോക്കൽ വണ്ടികളെ പൂർണ്ണമായും ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഇതോടെ ഒട്ടേറെ ചെറിയ സ്റ്റേഷനുകളും നിർത്തലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ചെറിയ സ്റ്റേഷനുകളിൽ പ്രവർത്തനച്ചെലവ് കൂടുതലാണെന്നതിനാൽ ഇവ നിർത്തുന്നതിലൂടെ നിരവധി ജീവനക്കാരെ ഒഴിവാക്കാനും അതുവഴി ജീവനക്കാരുടെ എണ്ണം കുറക്കാനും റെയിൽവെക്ക് സാധ്യമാവും.
ലോക്കൽ വണ്ടികളിൽ റിസർവ്വേഷൻ സംവിധാനമില്ല. എന്നാൽ ഇവ എക്സ്പ്രസ്സുകളാക്കുമ്പോൾ റിസർവ്വേഷൻ ലഭ്യമാവുമെങ്കിലും സാധാരണക്കാർക്ക് തീരെ പ്രയോജനപ്പെടാത്ത രീതിയിലേക്കായിരിക്കും ലോക്കൽ വണ്ടികളുടെ മാറ്റം.