ചെമ്മണ്ണൂർ ജ്വല്ലറി സ്വന്തമാക്കിയ 8 സെന്റ് ഭൂമി നിക്ഷേപകരെ വഞ്ചിച്ച ഫാഷൻ ഗോൾഡിന്റേത്

ഭൂമിയുടെ യഥാർത്ഥ ഉടമകൾ എം. സി. ഖമറുദ്ദീൻ എംഎൽഏയും ടി. കെ. പൂക്കോയ തങ്ങളും മെട്രോ മുഹമ്മദ് ഹാജിയും

കാഞ്ഞങ്ങാട്: അഞ്ഞൂറിലധികം വരുന്ന നിക്ഷേപകരെ പാടെ വഞ്ചിച്ച് പൂട്ടിപ്പോയ ഫാഷൻ ഗോൾഡിന്റെ ഭൂമിയും,  കെട്ടിടവും അതിനാടകീയ നീക്കങ്ങളിലൂെട ചെമ്മണ്ണൂർ ജ്വല്ലറിക്ക് വിൽപ്പന ചെയ്തു.

ബോബി ചെമ്മണ്ണൂർ നയിക്കുന്ന, കേരളത്തിൽ നിരവധി ശാഖകളുള്ള സ്വർണ്ണാഭരണ ശാലയാണ് ചെമ്മണ്ണൂർ ഗോൾഡ് ഇന്റർനാഷണൽ.

കാഞ്ഞങ്ങാട്ട് അജാനൂർ വില്ലേജിൽ തെക്കേപ്പുറം മുസ്ലീം ജമാഅത്ത് പള്ളിക്ക് ഒരു വിളിപ്പാട് മാത്രം തെക്ക് മാറി കാഞ്ഞങ്ങാട്- കാസർകോട് കെഎസ്ടിപി നിരത്തിന് പടിഞ്ഞാറു ഭാഗത്ത് റീ. സർവ്വെ നമ്പർ 433/9-ൽപ്പെട്ട 8 സെന്റ് ഭൂമിയും, കണ്ണായ ഈ ഭൂമിയിലുള്ള 3 നില പുത്തൻ കെട്ടിടവും,  3 കോടി 28 ലക്ഷം രൂപയ്ക്ക് 2020 മാർച്ച് 5-നാണ് ചെമ്മണ്ണൂർ ഗോൾഡ് ഇന്റർനാഷണൽ ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്തു വാങ്ങിയത്.

ആധാരം നമ്പർ 688/20 ഹൊസ്ദുർഗ്ഗ് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 8 സെന്റ് ഭൂമിക്ക് ആധാരവില 64 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളതെങ്കിലും, 3.28 കോടി രൂപയ്ക്കാണ് വ്യാപാരമുറപ്പിച്ചത്.

ചിത്താരി സ്വദേശി ഹസ്സൻ മുക്കൂടിന്റെയും,  ഭാര്യ എം. ഷമീമയുടെയും പേരിലുണ്ടായിരുന്ന ഭൂമി ഇന്ത്യയിൽ ജനതാകർഫ്യൂ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് 2020 മാർച്ച് 5-നാണ് തിരക്കിട്ട് ചെമ്മണ്ണൂർ ജ്വല്ലറിക്ക് കൈമാറിയത്.

അന്തരിച്ച മെട്രോ മുഹമ്മദ്ഹാജിയുടെ ഭാര്യാസഹോദരനാണ് ഹസ്സൻ മുക്കൂട്.

ഇനി ശ്രദ്ധിച്ചു വായിക്കുക:

നേരത്തെ വി.കെ.പി. സഹദ് എന്നയാളുടെ കൈവശമുണ്ടായിരുന്ന ഈ 8 സെന്റ് ഭൂമി, നിക്ഷേപകരെ വഞ്ചിച്ചു പൂട്ടിയിട്ട ഫാഷൻ ഗോൾഡിന്റെ കച്ചവട പങ്കാളികളായ മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീൻ, ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾ, അന്തരിച്ച ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി എന്നിവർ വാങ്ങി മൂവരുടെയും പേരിൽ രജിസ്റ്റർ ചെയ്തത് 9 വർഷം മുമ്പ് 2011 ജൂൺ 17-നാണ്.

9,25,000 രൂപ ആധാരവില കാണിച്ചാണ് 2011-ൽ ഫാഷൻ ഗോൾഡ് ജ്വല്ലറി ശാഖ ആരംഭിക്കാൻ തെക്കേപ്പുറത്ത്  മൂവരും ഈ ഭൂമി  രജിസ്റ്റർ  ചെയ്ത് സ്വന്തമാക്കിയത്.

2019-ൽ ഒരു സുപ്രഭാതത്തിൽ ഫാഷൻ ഗോൾഡ് ജ്വല്ലറികളുടെ ആദ്യശാഖ അടച്ചുപൂട്ടിയത് പയ്യന്നൂരിലാണ്.

പിന്നീട് ചെറുവത്തൂരും, കാസർകോട്ടുമുള്ള ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണശാലകൾ  ഒന്നിന് പിറകെ ഒന്നായി അടച്ചുപൂട്ടുകയും ഫാഷൻഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾ ഒളിവിൽ പോവുകയും ചെയ്തു.

ഫാഷൻ ഗോൾഡിൽ പലിശ പ്രതീക്ഷിച്ച് രണ്ട് കോടി രൂപ വരെ റൊക്കം പണവും, കണക്കില്ലാത്തവിധം സ്വർണ്ണാഭരണങ്ങളും,  ജില്ലയൊട്ടുക്കുമുള്ളവർ  നിക്ഷേപിച്ച  പണത്തിന് വേണ്ടി എം. സി. ഖമറുദ്ദീന്റെയും, ടി. കെ. പൂക്കോയ തങ്ങളുടെയും വീടുകളിലും ജ്വല്ലറിക്ക് മുന്നിലും എത്താൻ തുടങ്ങിയ കാലത്ത് 7 മാസങ്ങൾക്ക് മുമ്പ് 2019 നവംബർ 22-ന് ഹൊസ്ദുർഗ്ഗ് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന രജിസ്ട്രേഷനിലാണ് ഈ ഭൂമി അതിരഹസ്യമായി ഫാഷൻ ഗോൾഡിന്റെ കൈകളിൽ നിന്ന് മെട്രോ മുഹമ്മദ്ഹാജിയുടെ ഭാര്യാ സഹോദരൻ ഹസ്സൻ മുക്കൂടിന്റെയും, ഭാര്യ എം. ഷമീമയുടെയും പേരിലേക്ക് പേരിന് വേണ്ടി മാത്രം മാറ്റി രജിസ്റ്റർ ചെയ്തത്.

ഈ ആധാരം നമ്പർ 3127/19 ഫാഷൻ ഗോൾഡിന്റെ പേരിലുള്ള പ്രസ്തുത ഭൂമിയിൽ ഇടപാടുകാർ അവകാശം സ്ഥാപിക്കുമെന്ന ഭയത്താൽ വെറും 15 ലക്ഷം രൂപ കൈമാറ്റവില ആധാരത്തിൽ കാണിച്ചുകൊണ്ട് ഫാഷൻഗോൾഡിന്റെ പേരിൽ ഭൂസ്വത്തുക്കളൊന്നുമില്ലെന്ന് വരുത്തിത്തീർക്കാനാണ് തെക്കേപ്പുറം 8 സെന്റ് ഭൂമി മെട്രോ മുഹമ്മദ് ഹാജിയുടെ വിശ്വസ്തനായ ഹസ്സൻമുക്കൂടിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്.

ഹസ്സന്റെയും ഭാര്യയുടെയും പേരിൽ ഭൂമി കൈമാറ്റം ചെയ്യുന്നതുവരെ ഈ ഭൂമിയുടെ ഉടമസ്ഥാവകാശികൾ 1. ടി. കെ. പൂക്കോയ തങ്ങൾ, 2. മൊയിലാക്കരില്ലത്ത് ഖമറുദ്ദീൻ, 3. എം. മുഹമ്മദ് മുനിയങ്കോട് (മെട്രോ മുഹമ്മദ് ഹാജി) എന്നിവരുടെ പേരിലായിരുന്നു.

ഭൂമി ഹസ്സന്റെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യുമ്പോൾ,  ടി. കെ. പൂക്കോയ തങ്ങൾ ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടറും, എം. സി. ഖമറുദ്ദീൻ എംഎൽഏ, ചെയർമാനും, മെട്രോ മുഹമ്മദ്ഹാജി കോ- ചെയർമാനുമായിരുന്നുവെന്നതിന് കോൺക്രീറ്റ് തെളിവുകൾ ഇപ്പോഴും ധാരാളമുണ്ട്. 

LatestDaily

Read Previous

ഹിറ മസ്ജിദിൽ 3- ന് ജുമുഅ പുനരാരംഭിക്കും

Read Next

2011-ൽ ഒമ്പതര ലക്ഷം 2019-ൽ വെറും 15 ലക്ഷം