പ്രവാസികൾ ശത്രുക്കളല്ല

വിദേശത്തുനിന്നും തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളെ സ്വന്തം ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ലെന്ന വാർത്തകൾ ആരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ   സുഖകരമല്ലാത്ത ഇത്തരം സംഭ വങ്ങൾ ആവർത്തിക്കുന്നുമുണ്ട്.

ഏഴുകടലുകൾ കടന്ന് മണലാരണ്യങ്ങൾ തേടി യാത്ര ചെയ്തവരിൽ ഭൂരിഭാഗവും മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഗൾഫിലെത്തിയത്. സ്വന്തമായി അടച്ചുറപ്പുള്ള വീട്, കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം ഇതുമാത്രമാണ് ഭൂരിഭാഗം പ്രവാസികളുടെയും സ്വപ്നം.

കോവിഡ് വ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് പ്രവാസ ലോകത്തുനിന്നും സ്വന്തം നാട്ടിന്റെ സുരക്ഷിതത്വം കാംക്ഷിച്ചെത്തിയ പ്രവാസികളെ വിവിധ സ്ഥലങ്ങളിൽ മുൻകരുതൽ എന്ന നിലയിൽ ക്വാറ്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതുപോലും മനസ്സിലാക്കാതെയാണ് പ്രവാസികളോട് ഒരു ന്യൂനപക്ഷം ക്രൂരമായി പെരുമാറുന്നത്.

പ്രവാസി നാട്ടിൽ തിരിച്ചെട്ടുമ്പോൾ അവന്റെ പെട്ടിയിലെ അത്തറിനും, സിഗരറ്റിനും, മറ്റ് വിദേശ വസ്തുക്കൾക്കും കൈനീട്ടിയെത്തുന്ന ബന്ധുക്കൾ ഇപ്പോൾ പ്രവാസിയെ കാണുന്നത് ചെകുത്താൻ കുരിശ് കാണുന്നത് പോലെയാണ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസിയിൽ നിന്ന് പിരിവ് ചോദിച്ചെത്തി പലതവണ പണം കൈപ്പറ്റിയിട്ടുള്ളവർക്കും ഇപ്പോൾ  പ്രവാസിയെ കണ്ടാൽ ആലുവ മണൽപ്പുറത്ത് കണ്ടപരിചയം പോലുമില്ല.

കേരളത്തിന്റെ സമ്പദ്്വ്യവസ്ഥയെ പച്ച പിടിപ്പിച്ച വിഭാഗമാണ് പ്രവാസികൾ. അവർക്ക് അർഹിക്കുന്ന പരിഗണന പൊതുസമൂഹം ഇതുവരെ കൊടുത്തിട്ടില്ലെന്ന കാര്യത്തിൽ സംശയവുമില്ല. രോഗഭീതിമൂലം  സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഇവരോട് അൽപ്പം സഹാനുഭൂതി നൽകുക എന്നതാണ് ഇപ്പോൾ കരണീയമായിട്ടുള്ളത്.

സ്വന്തം കുടുംബം പോലും പ്രവാസിയെ അകറ്റി നിർത്തുന്നുവെന്നത് വേദനാജനകമായ സത്യം പുറത്തുവന്നതോടെ മലയാളിയുടെ മനോഭാവം കൂടിയാണ് വ്യക്തമാകുന്നത്. പ്രവാസി യൗവ്വനകാലം മുഴുവൻ മണൽക്കാട്ടിൽ വിയർപ്പൊഴുക്കി  പണിതുയർത്തിയ രമ്യഹർമ്മ്യങ്ങളിലിരുന്നാണ് അവരുടെ ബന്ധുക്കൾ അവരെ തള്ളിപ്പറയുന്നതെന്നത് പരിതാപകരമായ മാനസികാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

രോഗം ഒരു കുറ്റമല്ലെന്നിരിക്കെ, രോഗബാധയുടെ ലക്ഷണം പോലുമില്ലാത്ത പ്രവാസികളെ സമൂഹം എന്തിന് അകറ്റി നിർത്തണമെന്നത് ഓരോരുത്തരും സ്വയം ചോദിക്കേണ്ട  ചോദ്യമാണ്. പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ പലരും നെറ്റിചുളിക്കുന്നതും, എന്തിനെന്നുള്ളതാണ് കാലികമായ ചോദ്യം. അവരും ഈ മണ്ണിന്റെ ഭാഗമാണ്. പിറന്ന നാട്ടിലെത്താൻ അവർക്കും അവകാശമുണ്ടെന്നുമുള്ള തിരിച്ചറിയൽ ഉണ്ടാകേണ്ടത്അത്യാവശ്യമാണ്. പ്രവാസികൾ ഒഴിവാക്കപ്പെടേണ്ടവരല്ല. അവരും ഈ ഭൂമിയുടെ അവകാശികളാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപാതയും കെ. സുരേന്ദ്രനും

Read Next

ഹിറ മസ്ജിദിൽ 3- ന് ജുമുഅ പുനരാരംഭിക്കും