കേന്ദ്രമന്ത്രി നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജിവെച്ചു. രാജ്യസഭാംഗം കൂടിയായ നഖ്‌വിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ കേന്ദ്രമന്ത്രി രാജിവെച്ചു. ഇതോടെ നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു.

അടൽ ബിഹാരി വാജ്പേയി സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ച മോദി സർക്കാരിൽ അവശേഷിക്കുന്ന രണ്ട് മന്ത്രിമാരിൽ ഒരാളാണ് നഖ്‌വി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് രണ്ടാം സ്ഥാനത്ത്. ഉത്തർപ്രദേശിൽ അടുത്തിടെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന അസംഗഢ്, റാംപൂർ മണ്ഡലങ്ങളിൽ ഒന്നിൽ നിന്ന് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥിയായി മത്സരിക്കാത്തതിനാൽ ഇത്തവണ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തവണ നഖ്‌വിക്ക് രാജ്യസഭാ സീറ്റ് നൽകിയിരുന്നില്ല.

ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാളെ ഇത്തവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്. ഓഗസ്റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്.

K editor

Read Previous

ഗിന്നസ് റെക്കോർഡ് തിരുത്താന്‍ മഹ്ബൂബ്‌നഗര്‍

Read Next

ബാലഭാസ്‌കറിന്റെ മരണം; സിബിഐയുടെ ആവശ്യം കോടതി തള്ളി