ഹിമാചലിൽ കനത്തമഴ, മേഘവിസ്ഫോടനം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പലയിടത്തും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കുളു ജില്ലയിലെ മലാന, മണികരൻ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തിൽ ഒരു സ്ത്രീ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്. കുളുവിൽ ഇന്ന് രാവിലെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ചാലാൽ പ്രദേശത്ത് ആറ് പേർ ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് മണികരൺ താഴ്‌വരയിൽ മിന്നൽ പ്രളയം രൂപപ്പെട്ടു. മലാനയിലെ ജലവൈദ്യുത നിലയത്തിൽ കുടുങ്ങിയ 25 ലധികം ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. ഷിംലയിൽ ദാലിയിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ ഒരു പെണ്കുട്ടി മരിച്ചിരുന്നു. ചില വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

K editor

Read Previous

പരാതിക്കാരിയുടെ അപ്പീൽ ഹർജി: പി.സി ജോർജിന് ഹൈക്കോടതി നോട്ടിസ്

Read Next

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാക്ക്പിങ്ക് തിരിച്ചെത്തുന്നു