എം.എൽ.ഏ വഞ്ചിച്ചവരിൽ പാവങ്ങളും: തയ്യൽത്തൊഴിലാളി സ്ത്രീക്ക് നഷ്ടമായത് 5 ലക്ഷം

കാഞ്ഞങ്ങാട്: എംഎൽഏ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന്റെ ഇരയായ വീട്ടമ്മയുടെ ശബ്ദസന്ദേശം നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നു.

ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച തയ്യൽത്തൊഴിലാളിയായ വീട്ടമ്മയുടെ ശബ്ദമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാതാവിന്റെ കുടുംബ സ്വത്തിൽ നിന്നും ഭാഗം വെച്ച് കിട്ടിയ 4 ലക്ഷം രൂപയും, തയ്യൽപ്പണിയെടുത്ത് സ്വരൂപിച്ച തുകയും പലതവണയായി ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചിരുന്നതായി വീട്ടമ്മ പറയുകയാണ്.

മകളുടെ കല്ല്യാണത്തിന് നീക്കിവെച്ച തുകയാണ് സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. സ്ഥാപനം പൂട്ടിയതോടെ ഇവരുടെ പണം നഷ്ടമാകുകയും, മകളുടെ കല്ല്യാണം മുടങ്ങുകയും ചെയ്തതായി വീട്ടമ്മ കരഞ്ഞുകൊണ്ട് പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.

നിക്ഷേപത്തുക തിരികെ കിട്ടാനായി പലതവണ ടി.കെ പൂക്കോയ തങ്ങളുടെ ചന്തേര വീട്ടിലെത്തിയ ഇവർക്ക് പണം ഉടൻ തരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇത്തരത്തിൽ നൂറുകണക്കിന് വീട്ടമ്മമാരെയാണ് എം.സി ഖമറുദ്ദീൻ എംഎൽഏയും ടി.കെ പൂക്കോയ തങ്ങളും കച്ചവട പങ്കാളികളായ ഫാഷൻ ഗോൾഡ് ജ്വല്ലറി സ്ഥാപനം വഞ്ചിച്ചത്.

ആയിരത്തോളം വരുന്ന ജ്വല്ലറി നിക്ഷേപകരിൽ പ്രവാസികളാണ് ഭൂരിഭാഗവും.

നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി സ്ഥാപനങ്ങൾ മുഴുവനും പൂട്ടിയതോടെ തങ്ങളുടെ സമ്പാദ്യം നഷ്ടമായവർ പലതവണ ടി.കെ പൂക്കോയ തങ്ങളുടെയും, എം.സി കമറുദ്ദീനെയും നേരിൽക്കണ്ട് പണമാവശ്യപ്പെട്ടെങ്കിലും, ഇരുവരും കൈമലർത്തുകയായിരുന്നു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് എം.എൽ.ഏയ്ക്കെതിരെ വഖഫ് ഭൂമി വിവാദവും ഉയർന്നുവന്നത്. തൃക്കരിപ്പൂർ എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ കോളേജ് സ്ഥാപിക്കുന്നതിനായി എം.എൽ.ഏ സമ്പന്നരിൽ നിന്ന് സംഭാവനകൾ വാങ്ങിയ പുതിയ ആരോപണവും ഉയർന്നിട്ടുണ്ട്.

മാഫിയ രാഷ്ട്രീയത്തിനെതിരെ സിപിഎം കാസർകോട് ജില്ലാക്കമ്മിറ്റി ആഹ്വാനം ചെയ്ത ജനരോഷം പ്രതിഷേധ പരിപാടി ജില്ലയിൽ 12 കേന്ദ്രങ്ങളിൽ നടക്കും. ഇന്ന് വൈകുന്നേരമാണ് സമരം.

വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നൽകുക, മാഫിയാ രാഷ്ട്രീയത്തിനെതിരെ സംഘടിക്കുക മുതലായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സിപിഎം ജനരോഷം എന്ന പേരിൽ സമരപരിപാടി സംഘടിപ്പിക്കുന്നത്.

തൃക്കരിപ്പൂർ ജെംസ് സ്കൂൾ ചുളുവിലയ്ക്ക് തട്ടിയെടുത്തവർക്കെതിരെയാണ് സിപിഎമ്മിന്റെ സമരം. മഞ്ചേശ്വരം എംഎൽഏ, എം.സി ഖമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാർ വി.കെ ബാവ എന്നിവരടങ്ങുന്ന ടെക്ട് എന്ന ട്രസ്റ്റാണ് തൃക്കരിപ്പൂർ വഖഫ് ഭൂമി നിസ്സാര വിലയ്ക്ക് തട്ടിയെടുത്തത്.

LatestDaily

Read Previous

സ്ഥലം മാറ്റിയ ഏഎസ്ഐ പിടിവിടുന്നില്ല

Read Next

യൂത്ത് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത പണം ജൂലൈ 31-ന് തിരികെ നൽകാൻ ധാരണ