തൈക്കടപ്പുറം: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണു. ഒഴിവായത് വൻ ദുരന്തം. അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന സംഗീത ഷാജിയുടെ വീടിന് മുകളിലാണ് പുലർച്ചെ 3.30 മണിയോടെ തെങ്ങ് കടപുഴകി വീണത്.
ഈ സമയം ഒറ്റമുറി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സംഗീതയും മകൻ വിഷ്ണുവും. മേൽക്കൂര തകർന്ന വീട്ടിൽ നിന്നും തലനാരിഴയ്ക്കാണ് സംഗീതയും മകനും രക്ഷപ്പെട്ടത്. വാതിലിന് മുകളിൽ പതിച്ച തെങ്ങ് നിലം പൊത്തിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ.
പുലർച്ചെ തോരാതെ പെയ്യുന്ന മഴയിൽ ഇരുവരും തൊട്ടടുത്ത വീട്ടിൽ അഭയം തേടുകയായിരിന്നു. പരേതനായ ഷാജിയുടെ ഭാര്യയാണ് സംഗീത. വിഷ്ണുവിനെ കൂടാതെ അക്ഷയ്, സനൽ എന്നീ രണ്ട് മക്കൾ കൂടി സംഗീതയ്ക്കുണ്ട്. അവർ ബന്ധു വീട്ടിലാണ് താമസം.