അതിർത്തി കീഴടക്കി അധോലോക സംഘങ്ങൾ

കാസർകോട്: അതിർത്തി പോലീസ് സ്റ്റേഷനുകളായ കുമ്പള, മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ച് അടക്കി വാണിരുന്ന കുപ്രസിദ്ധ ക്രിമിനൽ കാലിയ റഫീഖിന്റെ മരണ ശേഷം പ്രദേശത്ത് വീണ്ടും അധോലോക സംഘങ്ങളുടെ വിളയാട്ടം ശക്തമാകുന്നു. കുമ്പള മുഗുവിലെ അബൂബക്കർ സിദ്ധിഖിന്റെ കൊലപാതകത്തോടെയാണ് പ്രദേശത്ത് അധോലോക സംഘങ്ങൾ വീണ്ടും പിടിമുറുക്കിയത്.

കുഴൽപ്പണക്കടത്ത്, സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയകൾക്ക് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് കാസർകോട് ജില്ലയിലെ  കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധികൾ, ശക്തമായ പോലീസ് നടപടി മൂലം മയക്കുമരുന്ന് മാഫിയയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, പ്രദേശങ്ങളിൽ കുഴൽപ്പണ, സ്വർണ്ണക്കടത്ത് മാഫിയകൾ ഇപ്പോഴും സജീവമാണ്.

അബൂബക്കർ സിദ്ധിഖിന്റെ കൊലയ്ക്ക് പിന്നിലും ഡോളർക്കടത്തിനെച്ചൊല്ലിയുള്ള വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. ഉപ്പള, മഞ്ചേശ്വരം, പ്രദേശങ്ങളിൽ അധോലോക സംഘങ്ങൾ പരസ്യമായി ഏറ്റുമുട്ടുന്നതും പരസ്പരം വെടിവെക്കുന്നതും നാട്ടുകാർക്ക് പുത്തരിയൊന്നുമല്ല. മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിൽ ഇടയ്ക്കിടെ പതിവാണ്.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും അതിർത്തി പോലീസ് സ്റ്റേഷൻ പരിധികളിൽ ഇടയ്ക്കിടെ അരങ്ങേറാറുണ്ട്. ജില്ലയെ കിടുകിടാ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട കാലിയാ റഫീഖിനെ 2017 ഫെബ്രുവരി മാസത്തിൽ എതിരാളികൾ കർണ്ണാടകയിൽ കൊലപ്പെടുത്തിയതിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ ക്രമസമാധാന നില സാധാരണ നിലയിലേക്ക് വന്നിരുന്നു.

ഉപ്പള കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കാലിയാ റഫീഖിനെ അധോലോക കുടിപ്പകയുടെ ഭാഗമായാണ് മംഗളൂരു ബി.സി. റോഡിൽ എതിരാളികൾ കാറിൽ ടിപ്പറിടിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തി വെട്ടിക്കൊന്നത്. കാലിയാ റഫീഖിന്റെ കൊലയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ പിതാവിന്റെ സ്ഥാനമേറ്റെടുത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർണ്ണമായി അടിച്ചമർത്താൻ ജില്ലയിലെ പോലീസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. അബൂബക്കർ സിദ്ധിഖിന്റെ കൊലയ്ക്ക് പിന്നിൽ അന്താരാഷ്ട്ര മാഫിയാ തലവൻ രവി പൂജാരിയുടെ കൂട്ടാളിയും കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ് കേസ്സിൽ ജയിലിൽക്കഴിയുന്ന പൈവെളിഗെയിലെ സിയയുടെ സംഘമാണെന്നും സംശയമുണ്ട്.

കൊല്ലപ്പെട്ട അബൂബക്കർ സിദ്ധിഖ് കള്ളക്കടത്ത് സംഘത്തിന്റെ വാഹകനായിരുന്നുവെന്നാണ് സൂചന. ജില്ലയിൽ സ്വർണ്ണക്കടത്ത്, കുഴൽപ്പണക്കടത്ത്, ഡോളർക്കടത്ത് മാഫിയകളുടെ ഏജന്റുമാരായി നിരവധി പേർ പ്രവർത്തിക്കുന്നുണ്ട്. വിദേശത്തേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിന് പുറമെ ഇവർക്ക് കള്ളക്കടത്ത് സംഘത്തിൽ നിന്നും പ്രതിഫലവും ലഭിക്കും.

വിദേശത്തു നിന്നും കൊണ്ടു വരുന്ന സ്വർണ്ണം, ഡോളർ എന്നിവയുമായി മുങ്ങുന്ന വാഹകർക്ക് കടുത്ത ശിക്ഷയാണ് മാഫിയാസംഘങ്ങൾ വിധിക്കുക. ഇത്തരമാൾക്കാരെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രങ്ങളിൽ താമസിപ്പിച്ച് ക്രൂരമായി മർദ്ദിക്കുകയെന്നതാണ് മാഫിയാ സംഘത്തിന്റെ രീതി. ഇത്തരത്തിൽ നടപ്പാക്കപ്പെട്ട ശിക്ഷാവിധിയുടെ ഇരയാണ് കുമ്പള മുഗുവിലെ അബൂബക്കർ സിദ്ധിഖ്

LatestDaily

Read Previous

നൂപുർ ശർമയ്‌ക്കെതിരായ വിമർശനം; സുപ്രീം കോടതിക്ക് തുറന്ന കത്ത്

Read Next

എം രാഘവന്റെ മാതാവ് ലക്ഷ്മി അന്തരിച്ചു