പൂച്ചക്കാട് കവർച്ച : പത്തുനാൾ കഴിഞ്ഞിട്ടും തുമ്പായില്ല

ബേക്കൽ: പൂച്ചക്കാട്ടെ മർച്ചന്റ് നേവി ജീവനക്കാരന്റെ വീട്ടിൽ നടന്ന കവർച്ചയിൽ തുമ്പൊന്നും കിട്ടാതെ അന്വേഷക സംഘം. കവർച്ച നടന്ന് 10 ദിവസം കഴിഞ്ഞിട്ടും  അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ജൂൺ 24-ന് പുലർച്ചെയാണ് പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് പിറകുവശത്ത് താമസിക്കുന്ന അബ്ദുൾ മുനീർ വടക്കന്റെ വീട്ടിൽ മോഷണം നടന്നത്. 30 പവന്റെ സ്വർണ്ണാഭരണങ്ങളും 4.5 ലക്ഷം രൂപയുമാണ് വീട്ടിനുള്ളിലെ അലമാരയിൽ നിന്നും കാണാതായത്.

വീടിന്റെ രണ്ടാം നിലയിലെ വാതിൽ തുറന്ന് വീട്ടിനുള്ളിൽ കയറിയ മോഷ്ടാക്കൾ അബ്ദുൾ മുനീർ വടക്കനും, ഭാര്യ നബീനയും കിടന്നുറങ്ങിയ മുറിക്കുള്ളിലെ അലമാരയിൽ നിന്നാണ് സ്വർണ്ണവും പണവും മോഷ്ടിച്ചത്. പൂച്ചക്കാട്ടെ ഇബ്രാഹിമിന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. കവർച്ച നടന്ന വീടിന്റെ  പരിസരങ്ങളിലൊന്നും നിരീക്ഷണ ക്യാമറകളില്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

കവർച്ച നടന്ന വീട്ടിൽ  പരിശോധനയ്ക്കെത്തിയ പോലീസ് നായ തൊട്ടടുത്ത നിർമ്മാണത്തിലിരിക്കുന്ന വീട് വരെയാണ്  ഓടിയത്. മുനീറിന്റെ വീട്ടിൽ  കവർച്ച നടന്നതിന്റെ തലേദിവസം ഇദ്ദേഹം സ്വകാര്യാവശ്യങ്ങൾക്കായി ബാങ്കിൽ നിന്നും പണം പിൻവലിച്ചിരുന്നു. സ്വർണ്ണവും പണവുമടക്കം 15 ലക്ഷത്തോളം രൂപയുടെ മുതലാണ് അബ്ദുൾ മുനീർ വടക്കന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്യപ്പെട്ടത്

LatestDaily

Read Previous

ഏഎസ്ഐയുടെ ആത്മഹത്യ ഒതുക്കാൻ പോലീസ് നീക്കം

Read Next

നവമാധ്യമം വഴി പരിചയപ്പെട്ട യുവാവിനൊപ്പം യുവതി വീടുവിട്ടു