ജാഗ്രത കൈവിട്ടാൽ ജില്ലയുടെ സുരക്ഷ നഷ്ടമാവും

മുഖാവരണം ധരിക്കാത്തവർക്കും അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടി

കാഞ്ഞങ്ങാട്: തുടക്കത്തിൽ ഏറ്റവും കൂടുതൽ  കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ല ജാഗ്രത കൈവിടാതെ  മുമ്പോട്ട് പോയാൽ  നിലവിലെ സ്ഥിതി തുടരാനാവും.

ഇതൊന്നും  തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ  ഇപ്പോഴും  മാസ്ക് ധരിക്കാതെയും  ശാരീരിക അകലം പാലിക്കാതെയും  കൂട്ടം കൂടി നിന്നു കഴിയുന്ന ഒട്ടേറെ പേരെ  നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കാണാം.

മാസ്ക് ധരിക്കാത്തവരോട് ഇനി ബോധവൽക്കരണമില്ല കേസും അറസ്റ്റും പിഴയും ഉൾപ്പെടെ നടപടികളായിരിക്കും അടുത്തത് എന്ന്  ഡി ജി പി  മുന്നറിയിപ്പ് നൽകിയ ശേഷം ഇന്നലെ മുതൽ  പോലീസ്  പരിശോധന കർശ്ശനമാക്കിയിട്ടുണ്ട്.

കടകളിൽ അകലം പാലിക്കാതെ  നിൽക്കുന്ന ഉപഭോക്താക്കൾക്കെതിരെയും നടപടിയുണ്ടാവും. എങ്കിലും  മാസ്ക്  ധരിക്കാതെ  പുറത്തിറങ്ങുന്നവരെയും   ഓഫീസുകളിൽ വിലസുന്നവരെയും  ഇപ്പോഴും  കാണാം. ഇത്തരക്കാരെ  തെരഞ്ഞെടുത്ത് പിടിച്ച്  നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം  ജില്ലയിൽ കോവിഡ്  വ്യാപനത്തിനെതിരായ ജാഗ്രത ഏറെക്കുറേ ഫലപ്രദമായത് കൊണ്ടാണ് ഏറ്റവും കൂടുതൽ കോവിഡ്  ബാധ റിപ്പോർട്ട് ചെയ്ത ജില്ല എന്ന ദുഷ്പേരിൽ നിന്ന് ജില്ലയെ വഴിമാറ്റാൻ സഹായകരമായത്. നിലവിൽ സുരക്ഷിത ജില്ല എന്ന സ്ഥിതിയിലേക്കാണ് ജില്ലയുടെ മുന്നേറ്റം. എന്നാൽ ജാഗ്രത കൈവിട്ടാൽ എല്ലാം അപകടത്തിലാവും.

ഇപ്പോൾ പാലക്കാട് ജില്ലയിലാണ് ഏറ്റവും  കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഒരു ഘട്ടത്തിൽ രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ പത്ത് ശതമാനവും കാസർകോട് ജില്ലയിലായിരുന്നുവെങ്കിൽ  ഇപ്പോൾ സ്ഥിതി പാടെ മാറിയിരിക്കുന്നു.

സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ജില്ല ഏഴാം സ്ഥാനത്താണിപ്പോഴുള്ളത്.

കഴിഞ്ഞ ഒരാഴ്ച്ചയായി സമ്പർക്കത്തിലൂടെയുള്ള കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത രണ്ട് ജില്ലകളിലൊന്നാണ് കാസർകോട്.

സംസ്ഥാനത്തെ മറ്റു ജില്ലകളിൽ കോവിഡ്  മരണമുണ്ടായപ്പോഴും  കാസർകോട് കോവിഡ് മരണം തീരെയുണ്ടായിട്ടില്ല. ജനസംഖ്യാനുപാതികമായി ഏറ്റവും  കൂടുതൽ ടെസ്റ്റ് നടക്കുന്ന ജില്ലകൂടിയാണ് കാസർകോട്.

എന്നാൽ ജാഗ്രത ക്കുറവുണ്ടായാൽ ജില്ല നേടിയെടുത്ത നേട്ടങ്ങൾ ഇല്ലാതാവുമെന്ന മുന്നറിയിപ്പ് അവഗണിച്ചാലുണ്ടാവുന്ന അപകടം വളരെ വലുതായിരിക്കും.

LatestDaily

Read Previous

നാ​യി​ക ഇ​ല്ല, പാ​ട്ടും ഇ​ല്ല, ഇ​ടി മാ​ത്രം

Read Next

കാഞ്ഞങ്ങാട് നഗരഭരണം തിരിച്ചുപിടിക്കും: കല്ലട്ര മാഹിൻഹാജി