അമ്മയും കുഞ്ഞും ആശുപത്രി ലിഫ്റ്റിൽകുടുങ്ങി

കാഞ്ഞങ്ങാട്: ഉദ്ഘാടനം നടന്നിട്ട് ഒന്നര വർഷക്കാലമായിട്ടും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും തുറന്നു കൊടുക്കാതെ ഒന്നര വർഷക്കാലമായി പൂട്ടികിടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി അടുത്ത നാളിലൊന്നും തുറക്കുന്ന മട്ടില്ല. ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തിയായിട്ട് കൊല്ലം ഒന്നര കഴിഞ്ഞിട്ടും  ആശുപത്രിയുടെ രണ്ടാം നിലയിലേക്ക് ഗർഭിണികളെ കൊണ്ടുപോകാനുള്ള ലിഫ്റ്റിന്റെ നിർമ്മാണത്തിന് ഒച്ചിന്റെ വേഗത.

കാഞ്ഞങ്ങാട്ടെ മരാമത്ത് ഇലക്ട്രിക്കൽ സെക്ഷനാണ് ലിഫ്റ്റ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കേണ്ടത്. 4.5 ടൺ ശേഷിയുള്ള ലിഫ്റ്റും അനുബന്ധ ഉപകരണങ്ങളും എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ലിഫ്റ്റ് പ്രവർത്തിക്കണമെങ്കിൽ, ഒരു വലിയ സ്റ്റീൽ ബീം കൂടി ലിഫ്റ്റ് കടന്നുപോകുന്ന വഴിയിൽ സ്ഥാപിക്കണമെന്ന് കണ്ടെത്തിയത്. ഇനി ഈ സ്റ്റീൽ ബീം സ്ഥാപിക്കേണ്ട നിർമ്മാണം ഇലക്ട്രിക്കൽ സെക്ഷൻ നടത്താൻ മാസങ്ങൾ തന്നെ എടുക്കും.

ഇതു സംബന്ധിച്ചുള്ള പൊതുമരാമത്ത് കെട്ടിട നിർമ്മാണ വകുപ്പിന്റെ നിർദ്ദേശം ജില്ലാ മെഡിക്കൽ ഓഫീസിലെ ചുവപ്പുചരടിൽ കുരുങ്ങിക്കിടക്കുകയാണ്. ഒന്നാം പിണറായി സർക്കാറിലെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഒന്നര വർഷം മുമ്പാണ് പുതിയകോട്ടയിൽ പണി തീർത്ത അമ്മയും കുഞ്ഞും ആശുപത്രി തിരക്കിട്ട് ഉദ്ഘാടനം ചെയ്തത്.

വി.വി. രമേശൻ നഗരസഭ ചെയർമാനായിരുന്ന കാലത്ത് ഈ ആശുപത്രി ഉദ്ഘാടനം ചെയ്യണമെന്ന രമേശന്റെ താൽപ്പര്യം നഗരഭരണത്തിന്റെ അവസാന നാളുകളിൽ രമേശൻ ആരോഗ്യ മന്ത്രിയെക്കൊണ്ട് തന്നെ നടപ്പിലാക്കിയെങ്കിലും, കെട്ടിട നിർമ്മാണവും ഉദ്ഘാടനവും കഴിഞ്ഞശേഷം ഒന്നരക്കൊല്ലം ഈ ധർമ്മാശുപത്രി ആർക്കും പ്രയോജനമില്ലാതെ മണ്ണിൽക്കിടന്ന് തുരുമ്പിച്ചു.

ഇനി ലിഫ്റ്റ് സ്ഥാപിച്ചുകഴിയുമ്പോഴേയ്ക്കും ഇനിയൊരു ഒന്നരക്കൊല്ലം കൂടി പൂർത്തിയാകുമോ എന്ന് പറയേണ്ടത് മൂന്ന് ജനപ്രതിനിധികളാണ്. ഒന്ന്: ഇ. ചന്ദ്രശേഖരൻ എംഎൽഏ. രണ്ട്: ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി. ബേബി. മൂന്ന്: അമ്മയും  കുഞ്ഞും  ആശുപത്രിയുടെ തൊട്ടടുത്ത് നഗരസഭാ ഓഫീസിൽ ഇരിക്കുന്ന നഗരസഭ അധ്യക്ഷ കെ. വി. സുജാത.

നിയമസഭയിൽ ഇ. ചന്ദ്രശേഖരന്റെ ചോദ്യത്തിന് അമ്മയും കുഞ്ഞും ആശുപത്രി ” ഉടൻ” തുറക്കുമെന്നല്ലാതെ എപ്പോൾ തുറക്കുമെന്ന് പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജും പറഞ്ഞില്ല. ആശുപത്രിക്ക് വെദ്യുതി കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല. നഗരസഭ കെട്ടിട നമ്പർ കൊടുക്കാതെ വൈദ്യുതി കണക്ഷൻ നൽകാനാവില്ലെന്ന് വൈദ്യുതി ഓഫീസ് അധികൃതരും പറയുന്നു. 

LatestDaily

Read Previous

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതു വിലക്കി

Read Next

2.71 ലക്ഷം രൂപയുടെ ഇരുമ്പു തകിട്  മോഷ്ടിച്ച ചായ്യോം യുവാവ് അറസ്റ്റിൽ