ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ മലയാളം സിനിമ. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “സൂഫിയും സുജാതയും’ ജൂലൈ മൂന്നിന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും. നിർമാതാവ് വിജയ് ബാബുവാണ് പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.
ചിത്രം ജൂലൈ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ആദ്യമായാണ് ഒരു മലയാള സിനിമ തിയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. അദിഥി റാവു ഹൈദരിയാണ് ചിത്രത്തിൽ നായിക.
കോവിഡ് കാലത്തെ ഡയറക്ട് ഒടിടി റിലീസുകളുടെ പട്ടിക കഴിഞ്ഞ മാസം ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചിരുന്നു. പട്ടികയിൽ മലയാളത്തിന്റെ ഏക എൻട്രിയായിരുന്നു സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധാനം.
സിനിമയുടെ ഒടിടി റിലീസ് വാർത്തകൾ പുറത്തുവന്നതുമുതൽ ചർച്ചയായ സിനിമയാണ് സൂഫിയും സുജിതയും. ഓണ്‍ലൈൻ റിലീസ് തീരുമാനം തിയേറ്റർ വ്യവസായത്തെ ബാധിക്കുമെന്നായിരുന്നു ആരോപണം. ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും ചിത്രങ്ങൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് തിയ്യേറ്റർ ഉടമകൾ ഭീഷണി മുഴക്കിയിരുന്നു.