കാഞ്ഞങ്ങാട്: യുവ അഭിഭാഷകനും രാഷ്ട്രീയ – സാംസ്ക്കാരിക പ്രവർത്തകനുമായ അതിഞ്ഞാലിലെ കെ.എം ബഷീർ 43, അന്തരിച്ചു.
ആറ് മാസം മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർ ചികിത്സക്കിടെ അസുഖം ബാധിച്ച ബഷീറിനെ വീണ്ടും എറണാകുളത്തെ ലേയ്ക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയ ബഷീറിനെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ മാണിക്കോത്ത് കെ.എച്ച്.എം ആശുപത്രിയിലേക്ക് മാറ്റുകയും ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
അഡ്വ. എൻ.ഏ ഖാലിദിന്റെ ജൂനിയറായി ഹൊസ്ദുർഗ്ഗ് ബാറിൽ പ്രാക്ടീസ് തുടങ്ങിയ ബഷീർ പിന്നീടും സ്വന്തം നിലയിൽത്തന്നെ പ്രാക്ടീസ് തുടങ്ങി.
മുസ്്ലിം യൂത്ത് ലീഗിന്റെ പ്രവർത്തകനായിരുന്ന ബഷീർ അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.
ഇടക്കാലത്ത് ജനതാദൾ എസിൽ ചേർന്ന ബഷീർ ജെ.ഡി.എസിന്റെ ജില്ലാ ഭാരവാഹിയായും പ്രവർത്തിച്ചു. യുവ അഭിഭാഷകർക്കിടയിൽ കാഞ്ഞങ്ങാട്ട് ശ്രദ്ധേയനായിരുന്നു.
ഉദുമ പക്യാരയിലെ ഷാഹിനയാണ് ഭാര്യ. വിദ്യാർത്ഥികളായ ഷഹബാത്ത്, സാബിത്ത് ഷഹബാസ് മക്കൾ. മുഹമ്മദ്, മുസ്തഫ, അബ്ദുൽ ഹമീദ്, ആമിന, നഫീസ പരേതനായ ഹസൈനാർ എന്നിവർ സഹോദരങ്ങൾ.
അതിഞ്ഞാലിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്ന പരേതനായ അബ്ദുൽ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ്. അന്ത്യകർമ്മങ്ങൾക്ക് ശേഷം അതിഞ്ഞാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം മറവ് ചെയ്തു.