കൊറോണക്കാലവും കലാരംഗവും

കല, ആനന്ദമെന്ന അലൗകികവും അവാച്യവുമായ ചൈതന്യം ഹൃദയത്തില്‍ നിറയ്ക്കുന്ന പ്രതിഭാസമാണെന്നാണ് സാമാന്യ നിർവ്വചനം.

ബാഹ്യലോകത്തെ തീര്‍ത്തും വിസ്മരിച്ച് ഒരുനിമിഷം ആത്മാവ് സ്വതന്ത്രമായി അനുഭവിക്കുന്ന അവാച്യമായ അനുഭൂതി കലാദര്‍ശനം സമ്മാനിക്കുന്നുവെന്ന് ഭാരതീയ സൗന്ദര്യശാസ്ത്രം.

കലാസ്വാദനത്തിലൂടെ സഹൃദയന്‍ പ്രാപിക്കുന്നത് വിഷയനിഷ്ഠമായ രസമല്ല മറിച്ച് ആത്മനിഷ്ഠമായ രസമാണ്. രസം ബ്രഹ്മമാണെന്ന് തൈത്തിരീയോപനിഷത്ത് പറയുന്നു.

കലാസ്വാദനത്തിലൂടെ പ്രാപിക്കുന്നതും ഈ ബ്രഹ്മാനന്ദം തന്നെ. കല ആത്യന്തിക സത്യത്തെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗമായി കണക്കാക്കപ്പെടുന്നു. അപ്പോള്‍ കേവലം വിനോദോപാധി എന്നതില്‍ കവിഞ്ഞ് കലയ്ക്ക് ആഴത്തിലുള്ള ഒരു ഉദ്ദേശ്യമുണ്ട്.

സാംസ്കാരികവും സാമൂഹ്യവുമായ മാനവപുരോഗതിയുടെ അന്തര്‍ധാരയാണ് കലകള്‍. പരിഷ്കൃതിയുടെ ഈ ധാരയെ മറ്റ് പല മേഖലകളെയെന്നപോലെ കൊറോണ വൈറസ് തടസപ്പെടുത്തിയിരിക്കുകയാണ്.

ലോകത്തിന്റെ സര്‍വമേഖലകളിലും ഭീഷണി ഉയര്‍ത്തിക്കൊണ്ട് വ്യാപരിച്ചിരുന്ന കൊറോണ വൈറസ് ബാധയേറ്റ് മരിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യജീവന്‍ മാത്രമല്ല, സമൂഹവും അത് ഉള്‍ക്കൊള്ളുന്ന കലാസാംസ്കാരിക മേഖലകള്‍ കൂടിയാണ്.

മനുഷ്യര്‍ നിലനിൽപ്പിനായി പൊരുതുമ്പോള്‍ പ്രത്യക്ഷത്തില്‍ കല സാന്ത്വനമാകുന്നില്ലായിരിക്കാം. പലായനം ചെയ്യുന്ന മനുഷ്യക്കൂട്ടങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്നില്‍ കലാരംഗത്തിന് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ലായിരിക്കുന്നു. അന്നവും വസ്ത്രവും പാര്‍പ്പിടവും തേടി അലയുന്ന ലക്ഷങ്ങള്‍ക്ക് മുന്നില്‍ കലാരംഗം ഉത്തരമില്ലാത്ത ഒരു അമൂര്‍ത്തതയാണ്.

കലയും വിനോദവുമൊക്കെ ജീവനോപാധി തേടുന്ന സാധാരണ മനുഷ്യരുടെ പ്രാഥമികാവശ്യങ്ങളില്‍ ഏറ്റവും അവസാനത്തെ ഗണത്തില്‍പ്പെടുന്ന കാര്യങ്ങളാണ്. കൊറോണക്കാലം അവരെ ഒന്നുകൂടി കലയില്‍ നിന്നും വിനോദങ്ങളി‍ല്‍ നിന്നും അകറ്റുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ കല ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചവരാണ് ഈ സന്ദിഗ്ധതയില്‍ ഇപ്പോള്‍ പെരുവഴിയില്‍ നില്ക്കുന്നത്. തങ്ങള്‍ക്ക് അഭിനിവേശമുള്ള, ആത്മാവിഷ്ക്കാര മാര്‍ഗ്ഗമായി കാണുന്ന കലയുടെ ഏതെങ്കിലുമൊരു ശാഖയെ നിത്യവൃത്തിക്കുതകുന്ന തൊഴില്‍ കൂടിയാക്കിയവര്‍ ഒരര്‍ത്ഥത്തില്‍ ഭാഗ്യവാന്‍മാര്‍ ആണ്.

കാരണം ഇഷ്ടവിഷയത്തില്‍ പൂര്‍ണമായി ആമഗ്നമാകുന്നതിന്റെ ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നവരാണിവര്‍. കൊറോണക്കാലം എല്ലാ മേഖലകളിലും സ്തംഭനം സൃഷ്ടിച്ചപ്പോള്‍ അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കലാരംഗത്തെയാണ്.

മനുഷ്യരുടെ നിലനില്പിനാവശ്യമായ അടിസ്ഥാനകാര്യങ്ങള്‍ക്ക് പര്യാപ്തതയുണ്ടാക്കാനാണ് ഭരണകൂടമായാലും കുടുംബങ്ങളായാലും ആദ്യ പരിഗണനകൊടുക്കുന്നത്. ഈ അവസ്ഥയില്‍ ഏറ്റവും അവസാനം  ശ്രദ്ധകൊടുക്കുന്നത് കലാരംഗത്തിനായിരിക്കും.

കാരണം പൊതു സമൂഹത്തിന് കല ഒരു വിനോദമാര്‍ഗ്ഗം മാത്രമാണ്. പക്ഷേ കലയെ ഉപജീവനമാര്‍ഗ്ഗമാക്കിയിരിക്കുന്നവരുടെ മുന്നിലെ പ്രതിസന്ധികള്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ തെളിയാതെ ഇരുളടഞ്ഞു കിടക്കുകയാണ്. സംഗീതം, നാടകം, സിനിമ,ക്ഷേത്രകലകൾ, അനുഷ്ഠാനകലകൾ തുടങ്ങിയ ശാഖകളിലെല്ലാം വ്യാപരിക്കുന്നവരില്‍ ഭൂരിപക്ഷവും ശൂന്യതയില്‍ നോക്കിയിരിക്കുകയാണ്.

കോവിഡ് ലോക്ഡ‍ൗണുകളും അതിന്റെ നിയന്ത്രണങ്ങളും സാമൂഹ്യമായ കൂട്ടായ്മകള്‍ക്ക് ഉടനെയൊന്നും അവസരം നല്കുമെന്ന് തോന്നുന്നില്ല. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വൈറസ് വ്യാപനം സാമൂഹിക വ്യാപനഘട്ടത്തിലേക്ക് നീങ്ങുകയാണ്.

പരമാവധി സാമൂഹ്യ അകലംപാലിക്കലും ജാഗ്രതയും സ്വയംതടങ്കലിലാവുകയുമൊക്കെയാണ് കൊറോണയ്ക്കിരയാവാതിരിക്കാനുള്ള പോംവഴിയെന്ന് വരുമ്പോള്‍ ഏത് കാലത്താണ് ഇനി ഉത്സവങ്ങളും ആഘോഷങ്ങളും സമ്മേളനങ്ങളും തിരിച്ചുവരിക എന്നു പറയാനാകില്ല.

ഡിസംബര്‍ മുതല്‍ മെയ്‌വരെയുള്ള ഉത്സവകാലങ്ങളില്‍ ആരാധനാലയങ്ങളിലും മറ്റും അരങ്ങേറുന്ന ഒട്ടേറെ അനുഷ്ഠാനകലകളുണ്ട്. പുറമെ പൊതുജനങ്ങള്‍ക്കായി നാടകം പോലുള്ള സ്റ്റേജ് പരിപാടികളുമുണ്ട്.

ക്ഷേത്രകലകളും അനുഷ്ഠാനകലകളില്‍ മിക്കതും ഒരു സങ്കല്പത്തിന് മുന്നില്‍ നിവേദിക്കപ്പെടുന്ന കലാരൂപങ്ങളായതിനാല്‍ അതിന് കാണികള്‍ നിര്‍ബന്ധമല്ല. ഒരു കളിവിളക്കായിരിക്കും സദസിനെ പ്രതീകവല്ക്കരിക്കുന്നത്. നാടകം പോലുള്ള കലാരൂപത്തിന് കാണിയില്ലെങ്കില്‍ പിന്നെ നിലനില്പില്ല. അമച്വര്‍ നാടകമായാലും പ്രൊഫഷണലായാലും കാണികളും അതിലൂടെ സ്വരുക്കൂട്ടേണ്ട സാമ്പത്തികവും വിഷയമാണ്. ഉത്സവകാലം കൊറോണ ഇല്ലാതാക്കിയപ്പോള്‍ നാടകരംഗവും അതുവഴി ജീവിക്കുന്നവരും അക്ഷരാര്‍ത്ഥത്തില്‍ അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്.

ഇതുതന്നെയാണ് മറ്റ് സ്റ്റേജ് പരിപാടികള്‍‍ അവതരിപ്പിക്കുന്ന കലാകാരന്‍മാരുടെയും സ്ഥിതി. ഇന്ന് കലാരംഗത്ത് ഏറ്റവും അധികം പണം ഉല്പാദിപ്പിക്കുന്നതും പ്രതിഫലം നല്കുന്നതും ചലച്ചിത്രമേഖലയിലാണ്.

കഴിഞ്ഞ മൂന്ന് നാല് മാസമായി ചലച്ചിത്രരംഗം സ്തംഭനാവസ്ഥയില്‍ ആയപ്പോള്‍ അത് താരങ്ങളെ മാത്രമായിരിക്കാം പ്രത്യക്ഷത്തില്‍ ബാധിക്കാതിരിക്കുന്നത്.

നിര്‍മ്മാതാക്കള്‍ മുതല്‍ ലൈറ്റ് ബോയ് വരെയുള്ളവര്‍ ആശങ്കയിലും ഉത്ക്കണ്ഠയിലും നിസ്സഹായതയിലുമായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളു. ഒരു ചെറിയ രംഗം ഷൂട്ട് ചെയ്യുന്നതിന് പോലും നൂറിലേറെ പേരുടെ സംയോജിത പ്രവര്‍ത്തനം വേണ്ടിവരുന്ന മേഖലയാണ് സിനിമ.

സാമൂഹ്യ അകലം പാലിക്കലും കൂട്ടായ്മ നിരോധനവും സിനിമയുടെ തലവരതന്നെ മാറ്റിയേക്കും. അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍, സ്റ്റുഡിയോകള്‍ അതിലെ പ്രവര്‍ത്തകര്‍ എല്ലാം വൈഷമ്യത്തിലാണ്. അതേസമയം കൊറോണക്കാലം സിനിമാരംഗത്തിന് ഒരു ശുദ്ധീകരണകാലം കൂടി ആകേണ്ടതുണ്ട്.

ഒരു സിനിമയുടെ നിര്‍മ്മാണ ചെലവിന് സമാനമായ തുകയാണ് സൂപ്പര്‍താരങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഒരു നിര്‍മ്മാതാവ് ഈയിടെ അഭിമുഖത്തില്‍ പറ‍ഞ്ഞിരുന്നു.

കേരളത്തെപ്പോലെ ഒരു ചെറിയ ഭൂവിഭാഗത്തിലെ പ്രേക്ഷകര്‍ക്കു വേണ്ടിമാത്രം നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങള്‍ക്ക് മറ്റ് സാധ്യതകള്‍ കുറവായിരിക്കുമ്പോള്‍ ഇവര്‍ ഇത്രയും പ്രതിഫലം വാങ്ങുന്നത് ഔചിത്യമാണോയെന്ന ചോദ്യം ഉയരുന്നുണ്ട്.

നടിയെ വാനില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് വിവാദമായതിനെ തുടര്‍ന്ന് മലയാള സിനിമയില്‍ ഒരു ശുദ്ധീകരണ പ്രക്രിയ നടക്കുന്നതായി തോന്നിച്ചിരുന്നു.

1980കളില്‍ മുറിഞ്ഞുപോയ സമാന്തര സിനിമകളുടെ തുടര്‍ച്ച തിയേറ്ററുകളില്‍ കാണാനായത് പ്രതീക്ഷാനിര്‍ഭരമായിരുന്നു. നവാഗതരെ ഒതുക്കി സൂപ്പര്‍സ്റ്റാര്‍ മാഫിയകള്‍ വീണ്ടും ശക്തമാകാന്‍ തുടങ്ങിയപ്പോഴാണ് കൊറോണ രംഗപ്രവേശനം ചെയ്യുന്നത്. സിനിമാരംഗത്തിന്റെ ശുദ്ധീകരണ പ്രക്രിയ ഇപ്പോള്‍ കൊറോണ ഏറ്റെടുത്തിരിക്കുകയാണ്.

വൃദ്ധൻമാരായ സൂപ്പര്‍സ്റ്റാറുകള്‍‍ വീട്ടിലിരിക്കുന്നു എന്നത് നല്ല സിനിമയെ സംബന്ധിച്ച് ആശാവഹമാണ്. എഴുപതുകളിലും എണ്‍പതുകളിലും തുടര്‍ന്നുവന്ന സിനിമയുടെ ആരോഗ്യപരമായ പരിണാമത്തെ സത്യത്തില്‍ കേരളത്തിലെ സൂപ്പര്‍സ്റ്റാറുകളാണ് മുരടിപ്പിച്ചുകളഞ്ഞത്.

ഫാന്‍സ് അസോസിയേഷനും മറ്റും ഉണ്ടാക്കി സ്വയം അതിമാനുഷഭാവം കെട്ടിപ്പൊക്കി തലമുറയെയും ചലച്ചിത്ര സംസ്കാരത്തെയും തന്നെ ഇവര്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അധാര്‍മ്മികമായ ഇവരുടെ സമ്പാദ്യം പട്ടിണിയിലായിരിക്കുന്ന പിന്നണി പ്രവര്‍ത്തകര്‍ക്കായി പങ്കുവയ്ക്കുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്.

തൊഴിലും അവസരവും ഇല്ലാതായ കലാകാരന്‍മാര്‍ക്ക് സര്‍ക്കാര്‍ സമാശ്വാസ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും വരുംകാല ജീവിതത്തിന് അതൊന്നും പര്യാപ്തമാകില്ല. ഓരോരോ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ കൂട്ടായ്മകള്‍ രൂപീകരിക്കുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പരസ്പരം സഹായമാകാനുമാണ് ഇനി ശ്രമിക്കേണ്ടത്.

LatestDaily

Read Previous

സൈബർ ലഹളയ്ക്ക് പിന്നിൽ

Read Next

വെൽഫെയർ പാർട്ടിയുമായി സഹകരിക്കും: മുസ്്ലീംലീഗ്