സൈബർ ലഹളയ്ക്ക് പിന്നിൽ

മലബാർ കലാപത്തിലെ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കി നാല് സിനിമകൾ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മലബാർ ലഹളയ്ക്ക് സമാനമായ സൈബർ ലഹളയും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

സിനിമയ്ക്കെതിരെ സംഘപരിവാർ അനുകൂലികൾ ഫേസ്ബുക്കിൽ നടത്തുന്ന യുദ്ധം കണ്ടാൽ ഇത് കേരളമാണോ ഉത്തരേന്ത്യയാണോ എന്ന് ആർക്കും സംശയം തോന്നും. ചലച്ചിത്രനടൻ പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വാരിയംകുന്നത്ത് ഹാജിയുടെ സിനിമ വരുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈബർ യുദ്ധവും ആരംഭിച്ചത്.

പൃഥിരാജിന്റെ മാതാവിനെവരെ അപമാനിക്കുന്ന വിധത്തിൽ തീർത്തും അധഃപതിച്ച നിലയിലുള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. ഇത്തരം കമന്റുകൾ ഇടുന്നവരുടെ മനോനില ശിലായുഗത്തിലെ മനുഷ്യനെപ്പോലും നാണിപ്പിക്കുന്നത് തന്നെയാണ്.

ജനിക്കാത്ത കുഞ്ഞിന്റെ ജാതകത്തെക്കുറിച്ചാണ് സംഘപരിവാർ പ്രസ്ഥാനങ്ങളും, ഹിന്ദുഐക്യവേദിയും ഇപ്പോൾ വലിയ വായിൽ നിലവിളിക്കുന്നതെന്ന് സാമാന്യ യുക്തിയുള്ള ആർക്കും മനസ്സിലാക്കാൻ പറ്റും. ഒരു സിനിമ പുറത്തിറങ്ങുന്നു എന്നുള്ളതല്ല അതിന് പിന്നിലെ ജാതി ചരിത്രങ്ങളാണ് സംഘപരിവാറിനെ ആകുലമാക്കുന്നത്.

സ്വാതന്ത്യ സമര ചരിത്രത്തെക്കുറിച്ചുള്ള ഏത് ചർച്ചകളും, കലാരൂപങ്ങളും സംഘപരിവാറിനെ അ ലോസരപ്പെടുത്തുന്നതിന് കാരണം സ്വാതന്ത്യസമര ചരിത്രങ്ങളിൽ അവർ കാര്യമായി അടയാളപ്പെടുത്തപ്പെട്ടില്ല എന്നുള്ളത് തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് മുസ്്ലീം സമുദായത്തിൽപ്പെട്ട സ്വാതന്ത്യസമര സേനാനിയെക്കുറിച്ച് സിനിമ പുറത്തിറങ്ങുന്നത്.

സിനിമ എന്നത്  ഒരു കലാരൂപമാണെന്ന തിരിച്ചറിവ് പോലുമില്ലാതെയാണ് സംഘപരിവാർ രംഗത്തിറങ്ങിയിരിക്കുന്നത് എന്നത് വിചിത്രമായി കരുതേണ്ടിയിരിക്കുന്നു. രാഷ്ട്രപിതാവിനെപ്പോലും വിമർശിച്ച് പുസ്തകങ്ങളിറങ്ങുന്ന നാട്ടിൽ വാരിയംകുന്നത്ത് ഹാജിയെപ്പോലുള്ള സ്വാതന്ത്യ സമര ഭടനെക്കുറിച്ച് സിനിമയിറങ്ങുന്നതിൽ ആരും വെപ്രാളപ്പെടേണ്ട കാര്യവുമില്ല.

സിനിമയ്ക്കെതിരെ സൈബർ ലോകത്ത് നടക്കുന്ന വെല്ലുവിളികൾ അത്ര നിസ്സാരമായി കണക്കാക്കാൻ കഴിയില്ല. സാമൂഹ്യ- സാംസ്ക്കാരിക മേഖലകളിൽ കേരളം ആർജ്ജിച്ച മുന്നേറ്റങ്ങളെ നൂറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകുന്ന തരത്തിലുള്ള പ്രസ്താവനകളും വെല്ലുവിളികളുമാണ് ചില നേതാക്കൻമാർ മുഴക്കിയിരിക്കുന്നത്.

ഇത്തരം ചിന്തകൾക്കും, വെല്ലുവിളികൾക്കും വളംവെച്ചുകൊടുത്താൽ കേരളത്തിൽ വർഗ്ഗീയ സംഘടനകൾക്ക് തഴച്ചു വളരാൻ അത് അവസരമുണ്ടാക്കും. നാളെ നിങ്ങൾ എന്തു ചിന്തിക്കണമെന്നും, എന്ത് കഴിക്കണമെന്നും, എങ്ങിനെ ജീവിക്കണമെന്നും ജാതി സംഘടനകൾ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കുന്നതായിരിക്കും കേരളത്തിന് നല്ലത്.

LatestDaily

Read Previous

റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസ്

Read Next

കൊറോണക്കാലവും കലാരംഗവും