പോലീസ് ബസ്സിൽ പോലീസുദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള അകലമില്ലാ യാത്ര

ഉദ്യോഗസ്ഥരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു

നീലേശ്വരം: ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ  നിന്ന് ഉപ്പള വരെ നിത്യവും പോലീസുദ്യോഗസ്ഥരെ കയറ്റിക്കൊണ്ടു പോകുന്ന പോലീസ് ബസ്സിൽ സാമൂഹിക അകലം ഒട്ടും പാലിക്കുന്നില്ലെന്ന് പരാതി.

ചന്തേരയിൽ നിന്ന് കാലത്ത് 7 മണിക്ക് പുറപ്പെടുന്ന ബസ്സ് കാഞ്ഞങ്ങാട്, ബേക്കൽ, ചന്ദ്രഗിരി വഴി കാസർകോട്ടും, പിന്നീട് വിദ്യാനഗർ വഴി സീതാംഗോളി വഴി ഉപ്പളയിലേക്കുമാണ്  പോലീസ് ഉദ്യോഗസ്ഥരെ കുത്തി നിറച്ച് നിത്യവും ഓടുന്നത്.

ഈ ബസ്സ് ചന്ദ്രഗിരിയിലെത്തുമ്പോഴേയ്ക്കും, ശ്വാസം പോലും വിടാൻ കഴിയാത്ത വിധം പോലീസുദ്യോഗസ്ഥർ തിങ്ങി നിറഞ്ഞിരിക്കും.

അതേ നിലയിൽ തന്നെ ഉപ്പളയിൽ നിന്ന് പോലീസുദ്യോഗസ്ഥരെ കയറ്റി ഈ ബസ്സ്  വൈകുന്നേരം ചന്തേരയിലുമെത്തുന്നുണ്ട്.

കോവിഡ് കാലത്ത് പോലീസുദ്യോഗസ്ഥർക്ക് ജില്ലയിൽ ബദിയടുക്ക വരെയുള്ള പോലീസ് സ്റ്റേഷനുകളിൽ യഥാ സമയം സേവനത്തിന് എത്തിച്ചേരാനാണ്  വെളുത്ത നിറത്തിലുള്ള പോലീസ് ബസ്സ് പ്രത്യേകമായി ഓടിത്തുടങ്ങിയതെങ്കിലും, ഈ ബസ്സിൽ സീറ്റുകളിൽ നിറഞ്ഞു കഴിഞ്ഞ ശേഷമുള്ള പോലീസുകാരും പോലീസ് വനിതകളും നിന്നു കൊണ്ടുള്ള യാത്ര തുടരുകയാണ്.

സാമൂഹിക അകലം പാലിക്കാത്തതിന് ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനിലും നിത്യവും ചുരുങ്ങിയത് 2 കേസ്സുകളെങ്കിലും റജിസ്റ്റർ ചെയ്യുമ്പോഴാണ്, പോലീസ് ഉദ്യോഗസ്ഥരെ ജോലി സ്ഥലത്തെത്തിക്കാൻ ഓടുന്ന പോലീസ്  വക ബസ്സിൽ നിയമം കാറ്റിൽപ്പറത്തി കാക്കിയുടുപ്പുകാരെ കുത്തിനിറച്ചു കൊണ്ടുള്ള ഓട്ടം.

LatestDaily

Read Previous

മക്കളെ ഉപയോഗിച്ച് ബോഡി പെയിന്‍റിംഗ്: ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍

Read Next

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം: സാമൂഹിക അകലം പാലിക്കണം