ഫാഷൻ ഗോൾഡ് നിക്ഷേപകർ തങ്ങളുടെ വീട്ടിൽ ബഹളം വെച്ചു

ചന്തേര: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യ സൂത്രധാരനും, തൃക്കരിപ്പൂർ  സംയുക്ത ജമാഅത്തിന്റെ മുൻ പ്രസിഡണ്ടുമായ ടി.കെ. പൂക്കോയ തങ്ങളുടെ വീട്ടിൽ തട്ടിപ്പിനിരയായവർ സംഘടിച്ചെത്തി.

ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് ടി.കെ. പൂക്കോയ തങ്ങളുടെ ചന്തേര വലിയ പള്ളിക്കടുത്തുള്ള വീട്ടിലേക്ക് അമ്പതോളം വരുന്ന സംഘം കൂട്ടമായെത്തി വീടിന് മുന്നിൽ ബഹളം വെച്ചത്. ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച പടന്ന സ്വദേശികളാണ് ചൊവ്വാഴ്ച  വൈകുന്നേരം കാറുകളിൽ പൂക്കോയയെ  അന്വേഷിച്ചെത്തിയത്.

ഈ സമയത്ത് പൂക്കോയ തങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്ന്  തങ്ങളുടെ  ചില ബന്ധു വീടുകളിലും പടന്നയിൽ നിന്നെത്തിയ സംഘം അന്വേഷണം നടത്തി. മഞ്ചേശ്വരം എം.എൽ.ഏ, എം.സി. ഖമറുദ്ദീനും, ടി.കെ. പൂക്കോയ തങ്ങളും കച്ചവട പങ്കാളികളായി ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് സ്ഥാപനം നൂറു കണക്കിനാൾക്കാരെയാണ് സമാനമായ രീതിയിൽ വഞ്ചിച്ചത്.

ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ഷോറുമുകളിലായി സ്വർണ്ണ നിക്ഷേപത്തിന്റെ പേരിലും, കച്ചവട പങ്കാളിത്തത്തിന്റെ പേരിലും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരിൽ പ്രവാസികളുമുണ്ട്.

നിക്ഷേപത്തട്ടിപ്പ് പുറത്തായതോടെ കാസർകോട്ടടക്കമുള്ള ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് പൂക്കോയ തങ്ങളും, മഞ്ചേശ്വരം എം.എൽ.ഏയും ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ട് തൃക്കരിപ്പൂർ മണിയനൊടിയിലെ വഖഫ് ഉടമസ്ഥതയിലുള്ള ഭൂമിയുടെ കച്ചവടത്തിന് പിന്നിൽ കരുക്കൾ നീക്കിയത്.

ടി.കെ. പൂക്കോയ തങ്ങൾ പ്രസിഡണ്ടായ ജാമിഅ സഅദിയ്യയുടെ അധീനതയിലുള്ള രണ്ടേക്കർ മൂന്ന് സെന്റ് ഭൂമിയാണ്  തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം എം.സി. ഖമറുദ്ദീൻ എം.എൽ.ഏ ചെയർമാനായ  സ്വകാര്യ ട്രസ്റ്റിന് നിസ്സാര വിലയ്ക്ക് കൈമാറിയത്. ഈ ഭൂമിയിടപാട് നിയമ വിരുദ്ധമാണെന്ന് വഖഫ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

ഫാഷൻ ഗോൾഡ് തട്ടിപ്പിനെത്തുടർന്നുണ്ടായ വിവാദത്തെത്തുടർന്ന് തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് നേതൃസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ടി.കെ. പൂക്കോയ തങ്ങൾ പലപ്പോഴും ചന്തേരയിലെ സ്വന്തം വീട്ടിൽ ഉണ്ടാകാറില്ല. ഇദ്ദേഹം എവിടെയാണുള്ളതെന്ന് നാട്ടുകാർക്കും അറിയില്ല.

LatestDaily

Read Previous

മൂന്നാം ഭർത്താവിനെ ഉപേക്ഷിച്ച യുവതി രണ്ടാം ഭർത്താവിനൊപ്പം വീടുവിട്ടു

Read Next

കണ്ണൂർ വിമാനത്താവളത്തിൽ 4 സുരക്ഷാ ഭടൻമാർക്ക് കോവിഡ്