ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോവിഡിന് മരുന്ന് കണ്ടുപിടിച്ചതായുള്ള അവകാശവാദത്തില്‍ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്ര ആയുഷ് മന്ത്രാലയം.
പതഞ്ജലി കണ്ടുപിടിച്ചെന്ന് പറയുന്ന ആയുർവ്വേദ മരുന്നിന്റെ ശാസ്ത്രീയ വസ്തുതകള്‍ എന്താണെന്ന് അറിയില്ല. അതിനാല്‍ മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനിയോട് തേടിയതായി മന്ത്രാലയം അറിയിച്ചു.
അവകാശവാദത്തിന്റെ സാധുത പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ മരുന്നിന്റെ പരസ്യങ്ങള്‍ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ നടന്ന ചടങ്ങിലാണ് ‘കൊറോണില്‍’ എന്നപേരിലുള്ള പ്രതിരോധ മരുന്നിന്റെ പ്രഖ്യാപനം പതഞ്ജലി നടത്തിയത്.
കോവിഡ് രോഗ പ്രതിരോധത്തിനായുള്ള മരുന്ന കണ്ടുപിടിക്കുന്നതിനായി ലോകം മുഴുവന്‍ ഗവേഷകര്‍ കഠിന പ്രയത്നത്തിലാണ്.
ഇതിനിടെയാണ് രോഗപ്രതിരോധത്തിന് ആയുർവ്വേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് അവകാശപ്പെടുന്നത്. ‘കൊറോനില്‍’ എന്ന പേരുള്ള മരുന്നിന്റെ ലോഞ്ചിംഗും കമ്പനി ഇന്ന് നടത്തി.
അശ്വഗന്ധ, ചിറ്റമൃത് തുടങ്ങിയ ഔഷധങ്ങളടങ്ങിയതാണ് മരുന്ന്. മരുന്ന് പരീക്ഷിച്ച രോഗികള്‍ക്ക് രോഗം മാറുകയോ ശരീരത്തിലെ വൈറല്‍ ബാധതയുടെ തോത് കുറയുകയോ ചെയ്തതായി കമ്പനി അവകാശപ്പെടുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ ഇങ്ങനെയൊരു മരുന്നിനെക്കുറിച്ച് വിവരമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആയുഷ് മന്ത്രാലയം രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് മരുന്ന് കണ്ടുപിടുത്തതിന്റെ വിവരം അറിഞ്ഞതെന്നും കമ്പനിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മരുന്നിലെ മിശ്രണങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍ മറ്റ് കേന്ദ്രങ്ങള്‍, പരീക്ഷണത്തിനായി ഉപയോഗിച്ച സാമ്പിളുകളുടെ എണ്ണം, ട്രയല്‍ പരിശോധന ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കമ്പനിയോട് മന്ത്രാലയം തേടി.
മരുന്നിന് ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്സ് കമ്മറ്റിയുടെ അംഗീകാരമുണ്ടോ, ക്ലിനിക്കല്‍ ട്രയല്‍ റജിസ്ട്രി ഓഫ് ഇന്ത്യയുടെ റജിസ്ട്രേഷന് എന്നീ വിവരങ്ങളും തേടിയിട്ടുണ്ട്. കമ്പനിക്ക് മരുന്ന് ഉല്പാദനത്തിന് നല്കിയ ലൈസ്ന്സ്, മരുന്നിന് നല്കിയ അംഗീകാരം എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഈ വിവരങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതുവരെ മരുന്നിന്റെ പ്രചാരണമോ പരസ്യമോ നടത്തരുത്.