ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ അച്ചാംതുരുത്തി പുഴയിൽ മീൻ പിടിക്കുന്നതിനിടെയാണ് യുവാവ് പുഴയിൽ വീണ് മരിച്ചത്. അച്ചാംതുരുത്തി പടിഞ്ഞാറെ മാടിൽ പത്രവളപ്പിൽ കരുണാകരന്റെയും സുശീലയുടെയും മകൻ സൂരജാണ് 28, ഇന്നലെ ബന്ധുവിനൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണത്.
വലയെറിയുന്നതിനിടെ, വല കൈയ്യിൽ കുരുങ്ങിയാണ് യുവാവ് പുഴയിൽ വീണത്. ഒപ്പമുണ്ടായിരുന്ന മജീഷ് പുഴയിൽച്ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ മുതലായവർ നടത്തിയ നീണ്ട തെരച്ചിലിനൊടുവിൽ ഓർക്കളം പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. നീലേശ്വരം മൂലപ്പള്ളി സ്വദേശിനിയായ ശ്രുതിയാണ് പരേതന്റെ ഭാര്യ. മകൾ ശ്രീദക്ഷ. സഹോദരി ശ്രുതി.