കച്ചവട പങ്കാളിയെ വഞ്ചിച്ച് കൊവ്വൽപ്പള്ളി സ്വദേശി ഗൾഫിലേക്ക് മുങ്ങി

കാഞ്ഞങ്ങാട്: പലചരക്ക് മൊത്ത വ്യാപാര കേന്ദ്രത്തിൽ പണം മുടക്കിയ കച്ചവട പങ്കാളിയെ വഞ്ചിച്ച് കടയുടമ ഗൾഫിലേക്ക്  മുങ്ങി. ടിബി റോഡിൽ പ്രവർത്തിച്ചിരുന്ന പി.ഏ ട്രേഡേഴ്സ് എന്ന പലചരക്ക്  മൊത്ത വ്യാപാര കേന്ദ്രത്തിന്റെ ഉടമ കൊവ്വൽപ്പള്ളിയിലെ  അബ്ദുൾ ഷഹീദാണ് കച്ചവടപങ്കാളിയായ ബാവനഗർ സ്വദേശിയെ വഞ്ചിച്ച് ഗൾഫിലേക്ക് മുങ്ങിയത്.

കാഞ്ഞങ്ങാട് ബാവ നഗർ ദാറുസ്സലാമിലെ യാസീനാണ് കൊവ്വൽപ്പള്ളി സ്വദേശിയുടെ വഞ്ചനയ്ക്കിരയായത്. ഒന്നര വർഷം മുമ്പ് യാസീൻ ടിബി റോഡിലെ  പി.ഏ ട്രേഡേഴ്സിൽ 9 ലക്ഷം രൂപ നിക്ഷേപിച്ച് കച്ചവട പങ്കാളിയായിരുന്നു. സ്ഥാപനം  കോഴിക്കോട് സ്വദേശികൾക്ക് വിറ്റ അബ്ദുൾ ഷഹീദ് 5 ലക്ഷം രൂപ മാത്രമാണ് യാസീന്റെ  നിക്ഷേപത്തുകയിൽ നിന്നും  തിരികെ നൽകിയത്.

ബാക്കി 4 ലക്ഷം രൂപ തിരികെ കിട്ടാത്തതിനെത്തുടർന്ന് ഇദ്ദേഹം ഹോസ്ദുർഗ്ഗ് ഐപി. കെ.പി. ഷൈനിനെ കണ്ട് പരാതി നൽകി. പ്രസ്തുത പരാതിയിൽ ഒത്തുതീർപ്പിന് പോലീസ് വിളിച്ചതിന് പിന്നാലെയാണ് അബ്ദുൾ ഷഹീദ് ഗൾഫിലേക്ക് മുങ്ങിയത്. സ്ഥാപനത്തിന് ലഭിക്കാനുള്ള തുക അബ്ദുൾ ഷഹീദ് താനറിയാതെ പിരിച്ചെടുത്തുവെന്നാണ്  യാസീൻ പറയുന്നത്. കിട്ടാനുള്ള 4 ലക്ഷത്തിന്  പോലീസ് സാന്നിദ്ധ്യത്തിൽ എഗ്രിമെന്റ് വെക്കാമെന്ന്  സമ്മതിച്ച ശേഷം ഷഹീദ് തന്നെ വഞ്ചിച്ച് ഗൾഫിലേക്ക് കടന്നെന്നാണ് യാസിന്റെ  ആരോപണം.

LatestDaily

Read Previous

കൊതുക് നിർമ്മാർജ്ജനം നഗരസഭ മറന്നു

Read Next

പ്രവാസി ചെങ്കൽപ്പണയിലെ  വെള്ളക്കെട്ടിൽ മരിച്ച നിലയിൽ