മുക്കട പരപ്പച്ചാലിൽ ലോറി മറിഞ്ഞു: ഒരു മരണം

നീലേശ്വരം : നീലേശ്വരം – ചിറ്റാരിക്കാൽ റോഡിൽ മുക്കടയ്ക്ക് സമീപം പരപ്പച്ചാലിൽ സിമെന്റ് കയറ്റിയ ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.  ഇന്ന് രാവിലെ 8 മണിയോടെ മുക്കട ഇറക്കത്തിൽ പരപ്പച്ചാൽ പാലത്തിന് സമീപമാണ് ലോറി നിയന്ത്രണം തെറ്റി പരപ്പച്ചാൽ പുഴയിലേക്ക് മറിഞ്ഞത്.അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹബീബാണ് 50, മരിച്ചത്.ലോറിയോടിച്ചിരുന്ന റഹീമിനെ 28, അഗ്നിരക്ഷാ സേന ഹൈഡ്രോളിക്ക് കട്ടറുപയോഗിച്ച് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. റഹീമിന്റെ നില ഗുരുതരമല്ല.

അപകടത്തിൽ മരിച്ച ഹബീബിന്റെ മരുമകൻ കൂടിയാണ് റഹീം. മുക്കട ഇറക്കത്തിൽ പരപ്പച്ചാൽ പാലത്തിലേക്ക് കയറുന്ന വളവിൽ ലോറി നിയന്ത്രണം തെറ്റി താഴേക്ക് വീഴുകയായിരുന്നു. പുഴയുടെ പാർശ്വഭിത്തിയിലേക്കാണ് ലോറി മറിഞ്ഞത്.  പെരിങ്ങോം  അഗ്നിരക്ഷാ നിലയം  കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. നീലേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു.    അപകടത്തിൽ രക്ഷപ്പെട്ട റഹീമാണ് ലോറിയോടിച്ചിരുന്നത്. കുന്നുംകൈയിലെ സിമെന്റ് വ്യാപാരി ബിജുവിന് വേണ്ടിയുള്ളതായിരുന്നു സിമെന്റ് ലോഡ്. പാലക്കാട് നിന്നും വെള്ളരിക്കുണ്ടിലേക്കാണ് ലോഡ് എത്തിക്കേണ്ടിയിരുന്നത്.

Read Previous

മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്  യുവതി  വീടുവിട്ടു

Read Next

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു